കണ്ണൂർ: പാത അറ്റകുറ്റപ്പണിയിൽ നടുവൊടിഞ്ഞ് ട്രെയിൻ യാത്രക്കാർ. ദീർഘദൂര ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. പലയിടത്തും പിടിച്ചിടുന്ന ട്രെയിനുകൾ ഇഴഞ്ഞാണ് നീങ്ങുന്നത്. സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ വരെ ഇങ്ങനെ ഓടുന്നതിനാൽ യാത്രക്കാർ പെരുവഴിയിലായ സ്ഥിതി. പാലക്കാട് ഡിവിഷനിൽ വന്ദേഭാരത് ഒഴികെ മുഴുവൻ ട്രെയിനുകൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണിയുടെ പേരിൽ കോയമ്പത്തൂർ -കണ്ണൂർ എക്സ്പ്രസ് (16608) കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കുന്നതിനാൽ കണ്ണൂരിലേക്കുള്ള യാത്രക്കാരുടെ ദുരിതം ഇരട്ടിയായി.
കോയമ്പത്തൂർ ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ ജനുവരി 23നും 30നും കോഴിക്കോട്ട് വരെയേ ഉണ്ടാവുകയുള്ളൂവെന്നാണ് പുതിയ അറിയിപ്പ്. ഈ മാസം 16നും 19നും ഇങ്ങനെ യാത്ര അവസാനിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും അതേ നടപടി. ദീർഘദൂര ട്രെയിനുകൾ വൈകിയോടുമ്പോൾ കണ്ണൂർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കിയത് എന്തിനെന്ന ചോദ്യത്തിൽ റെയിൽവേക്ക് കൃത്യമായ മറുപടിയില്ല. കോഴിക്കോടുനിന്ന് വൈകീട്ട് പരശുറാം എക്സ്പ്രസ് പുറപ്പെട്ടാൽ കണ്ണൂർ ഭാഗത്തെ സാധാരണ യാത്രക്കാർ കൂടുതലും ആശ്രയിക്കുന്ന ട്രെയിനാണിത്. കൊയിലാണ്ടി, മാഹി, പയ്യോളി, എടക്കാട് പോലുള്ള സ്റ്റേഷനിൽ ഇറങ്ങുന്നവരാണ് ഈ ട്രെയിൻ കാര്യമായി ആശ്രയിക്കുന്നത്.
ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലക്കാട് ഡിവിഷനിലെ ട്രെയിനുകൾ ഒരു മണിക്കൂർ 10 മിനിറ്റ് വരെ വൈകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ, ഇതിലുമധികമാണ് ട്രെയിനുകൾ വിവിധ കേന്ദ്രങ്ങളിൽ പിടിച്ചിടുന്നത്.
അറ്റകുറ്റപ്പണിക്ക് ജനുവരി 31വരെയാണ് ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.വ്യാഴാഴ്ച ഉച്ചക്ക് 1.08ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് രണ്ടിനാണ് തലശ്ശേരി എത്തിയത്. 15 മിനിറ്റുകൊണ്ട് എത്തുന്ന ദൂരം പിന്നിടാനാണ് ഒരുമണിക്കൂറോളം വേണ്ടിവന്നത്. വെള്ളിയാഴ്ചയും വിവിധ ട്രെയിനുകൾ മണിക്കൂറിലേറെ വൈകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു