തിരുവനന്തപുരം: വീണാ വിജയനെതിരായ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ കണ്ടെത്തലുകളെ പൂർണ്ണമായും തള്ളി സി.പി.എം. എക്സാ ലോജിക് വിഷയത്തിൽ മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യം വെക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഫോട്ടോ മാത്രമാണ് വാർത്തകളിൽ ആകെയുള്ള വസ്തുത. ബാക്കി വാർത്തകളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും വീണയ്ക്കെതിരേ നടന്നത് ഏകപക്ഷീയമായ അന്വേഷണമാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ പേര് ഉപയോഗിച്ച്, രാഷ്ട്രീയപരമായി പർവതീകരിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വീണാ വിജയനെതിരായ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന്; ‘സംഭവത്തിൽ അന്വേഷണം നടത്താൻ വേണ്ടി പ്രത്യേ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. മൂന്നാളുകളെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നും നാല് മാസത്തെ സമയം കൊടുത്തിരിക്കുന്നു എന്നുമാണ് വാർത്ത. ഇതിനിടെയാണ് അതിലൊരാൾ വാർത്ത പുറത്തുവിട്ടത്. അതിന്റെ പേരിൽ പ്രതികരിക്കേണ്ടതുണ്ടോ? അന്വേഷിക്കട്ടെ’ – എന്നായിരുന്നു മറുപടി.
രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ കരാർപ്രകാരം സേവനം നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ നിയമപരമായി പ്രതിഫലം നൽകുകയും ചെയ്ത ഒരു പദ്ധതിയെക്കുറിച്ച് ബന്ധപ്പെട്ടവരിൽ നിന്ന് പരാതി വാങ്ങാതെ ഏകപക്ഷീയമായി അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇതിനെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. കോൺഗ്രസ് നേതാക്കൾ സിഎംആറിൽ നിന്ന് കോടിക്കണക്കിന് രൂപ വാങ്ങിയിട്ടുണ്ട്. അത് ആരും നിഷേധിച്ചിട്ടില്ല. ഈ പണം രസീത് നൽകി വാങ്ങി എന്നാണ് യു.ഡി.എഫ് നേതാക്കൾ അവകാശപ്പെടുന്നത്. ഇതിന്റെ തെളിവുകൾ ഇല്ലാതെ തന്നെ, വിശ്വസിക്കാൻ പറ്റുന്ന ചെലവായി സെറ്റിൽമെന്റ് ബോർഡ് അംഗീകരിച്ചു. അത് എന്തൊരു വിചിത്രമായ അംഗീകരിക്കലാണ്.
Read more:മലപ്പുറത്ത് യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
അതേസമയം നിയമപ്രകാരം ജി.എസ്.ടി. കൊടുത്ത ബാങ്ക് മുഖേന കൈകാര്യം ചെയ്യപ്പെട്ട രണ്ട് കമ്പനികൾ അവർ തമ്മിലുള്ള കരാറിന്റെ പേരുപറഞ്ഞാണ് ഈ കോലാഹലം- എം.വി. ഗോവിന്ദൻ പറഞ്ഞു. എൽ.ഡി.എഫ് നേതാക്കൾ ആരും തന്നെ ലിസ്റ്റിൽ ഇല്ല എന്ന് പറഞ്ഞ എം.വി. ഗോവിന്ദൻ, പി.വി. താൻ അല്ല എന്ന് നേരത്തെ തന്നെ പിണറായി വിജയൻ പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
കരുവന്നൂർ കേസിലെ ഒന്നാം പ്രതിയാണ് മാപ്പുസാക്ഷിയായത്. അത് വിചിത്രമായ സംഭവമല്ലേ. ആ സാക്ഷി പറയുന്നത് എന്ന് പറഞ്ഞു കൊണ്ട് ഇഷ്ടം പോലെ കാര്യങ്ങൾ തീരുമാനിച്ചു പോകുന്ന സമീപനം സ്വീകരിച്ചു പോകുകയാണ്. സ്വപ്ന സുരേഷിന്റെ കാര്യവും അങ്ങനെയാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് കാര്യങ്ങൾ കൈകാര്യം ചെയ്തു പോകുന്ന നിലയാണെന്നും എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു