ആലപ്പുഴ: മുഹമ്മയിൽ കൊലപാതക കേസിലെ പ്രതിയുടെ ജന്മദിനം ആഘോഷിക്കാനായി ഒത്തുകൂടി കുപ്രസിദ്ധ ഗുണ്ടകൾ. ചടങ്ങിൽ നിന്നുള്ള വീഡിയോകൾ പശ്ചാത്തല സംഗീതത്തിൻറെ അകമ്പടിയോടെ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് വിവരമറിഞ്ഞത്. ഇതോടെ ഗുണ്ടകളുടെ ഒത്തുചേരലിന്റെ കാരണം അറിയാനുള്ള കൊണ്ടുപിടിച്ച അന്വേഷണത്തിലാണ് പോലീസ്.
ഒരാഴ്ച മുമ്പാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗുണ്ടകൾ ആലപ്പുഴയിൽ മുഹമ്മയ്ക്ക് സമീപം ഒത്തുകൂടിയത്. കൊലപാതകം, വധശ്രമം, ആശുപത്രി ആക്രമണം, വള്ളംകളി തുഴൽച്ചിലുകാരെ ആക്രമിക്കൽ തുടങ്ങി നവകേരള യാത്രയ്ക്കെുനേരെ പ്രതിഷേധിച്ചവരെ മർദിച്ച കേസിലെ പ്രതികൾവരെ കൂട്ടത്തിലുണ്ടായിരുന്നു.
ജന്മദിനാഘോഷത്തിന് മാത്രമായാണോ ഗുണ്ടകൾ ഒത്തുചേർന്നത് എന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ചേർത്തലയ്ക്കടുത്ത് നടന്ന ഒരു സ്വകാര്യ ചടങ്ങിലും ഗുണ്ടകൾ കൂട്ടത്തോടെ പങ്കെടുത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ചടങ്ങിൽ നിന്നുള്ള വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു .
രണ്ട് സംഭവങ്ങളും പോലീസ് രഹസ്യാന്വേഷണ വിഭാഗം പോലും അറിഞ്ഞില്ല എന്നത് ഗൗരവതരമാണെന്നാണ് വിലയിരുത്തൽ. ഒരുവർഷം മുമ്പും ഗുണ്ടകൾ ഇത്തരത്തിൽ ആലപ്പുഴയിൽ ഒത്തുകൂടിയിരുന്നു. ഹൗസ് ബോട്ടിൽ പിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങിയവർ തമ്മിലടിച്ചതോടെയാണ് അന്ന് പോലീസ് ഗുണ്ടകളുടെ ഒത്തുചേരലിനെക്കുറിച്ച് അറിഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു