മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ പരോക്ഷ വിമർശനവുമായി മുൻ മന്ത്രി ജി സുധാകരൻ. “ആരാണ് ടീച്ചർ അമ്മ, ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. രചനകളിൽ അവരുടെ പേര് പറഞ്ഞാൽ മതിയെന്നുമാണ്”ജി സുധാകരന്റെ വിമർശനം. തിരുവല്ലയിൽ മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരിയുടെ പുസ്തകത്തിൽ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ കെ ശൈലജയെ ടീച്ചർ അമ്മ എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ജി സുധാകരന്റെ ഒളിയമ്പ്.
കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാർ ആയിട്ടില്ല. പലരും പല തരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്. നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനം ലഭിക്കുന്നതിനുള്ള യോഗ്യത. ഒരു മന്ത്രി ആകണമെങ്കിൽ കുറച്ചുകാലം പാർട്ടിക്കുവേണ്ടി കഷ്ടപ്പെടണം. ഒരു ലാത്തിയെങ്കിലും ദേഹത്ത് കൊള്ളണമെന്നും സുധാകരൻ പറഞ്ഞു.