ഡോ. ജോസഫ് ആൻറണി
“മാലദ്വീപ് ഒരു ചെറിയ രാഷ്ട്രമായിരിക്കാം, അതിനാൽ ഞങ്ങളെ ഭയപ്പെടുത്താമെന്ന് ആരും കരുതരുത്.” ചൈനാസന്ദര്ശനംപൂർത്തിയാക്കി തിരിച്ചെത്തിയ മാലദ്വീപിലെ പ്രസിഡന്റ് മുഹമ്മദ് മുയ്‌സു ജനുവരി പതിമൂന്നിന് നടത്തിയ പത്രസമ്മേളനം അവസാനിപ്പിച്ചത് ഈ വാചകങ്ങൾ പറഞ്ഞു കൊണ്ടാണ്. പരസ്പര ബഹുമാനമാണ് ചൈനാ-മാലദ്വീപ് ബന്ധങ്ങളുടെ അടിത്തറയെന്നു പ്രഖ്യാപിച്ചതിനു ശേഷമാണ് അദ്ദേഹം മേലുദ്ധരിച്ച വാചകം പറഞ്ഞതെന്നതും ശ്രദ്ധിക്കണം. തൊട്ടുപിന്നാലെ, മാലദ്വീപിലുള്ള 88 ഇന്ത്യൻസൈനികരെ, 2024 മാർച്ച് പതിനഞ്ചിനു മുമ്പ് പിൻവലിക്കണമെന്ന് മാലെ സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി ഇരു രാജ്യങ്ങളുടേയുമിടയിൽ നടക്കുന്ന സംഭവവികാസങ്ങളുടെ ഒടുവിലത്തെ നീക്കണങ്ങളാണിവ.
ഇപ്പോഴത്തെ തർക്കങ്ങൾ ആരംഭിച്ചത് 2024ജനുവരി രണ്ടിന് ഇന്ത്യൻ പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചതിനുശേഷം സാമൂഹ്യമാധ്യമങ്ങളിലൂടെ ഇന്ത്യക്കാരോട് ലക്ഷദ്വീപ് സന്ദർശിക്കുന്നതിനായി അഭ്യർഥിച്ചതിനെത്തുടർന്നാണ്. അദ്ദേഹം ലക്ഷദ്വീപിലേക്ക് ഇന്ത്യൻ വിനോദസഞ്ചാരികളെ ക്ഷണിച്ചത്, മാലദ്വീപിൽ നിന്നും ഇത്രശക്തമായ പ്രതികരണം ക്ഷണിച്ചുവരുത്തുമെന്നു ആരും പ്രതീക്ഷിച്ചില്ല. പ്രധാനമന്ത്രിയുടെ സാമൂഹ്യമാധ്യമത്തിലെ പരാമർശങ്ങളോട് മാലദ്വീപിലെ യുവജനകാര്യ-വാർത്താവിതരണ ഉപമന്ത്രി മറിയം ഷിയുന പ്രതികരിച്ചത് ഇന്ത്യൻപ്രധാനമന്ത്രിയെ “ഇസ്രായേലിന്റെ പാവ”യെന്ന് ആക്ഷേപിച്ചുകൊണ്ടാണ്. മറ്റൊരു പ്രതികരണത്തിലൂടെ ഇന്ത്യൻസേനയുടെ സഹായം മാലെയ്ക്ക് ആവശ്യമില്ലെന്നും ഷിയുന പ്രസ്താവിച്ചു. മറ്റുരണ്ട്‍ ഉപമന്ത്രിമാർ കൂടി അവരെ പിന്തുണച്ചുകൊണ്ട് ഇൻഡ്യാവിരുദ്ധ പരാമർശങ്ങൾ നടത്തി.
ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരായി മാലദ്വീപിലെ മന്ത്രിമാർ നടത്തിയ പ്രസ്താവന എല്ലാ അന്താരാഷ്ട്ര മാര്യാദകളും ലംഘിച്ചുള്ളതായിരുന്നുവെന്നതിന് മാലദ്വീപിനുപോലും സംശയമില്ല. അതുകൊണ്ടു തന്നെയാണ് അത്തരം അപക്വവും, അപകടകരവുമായ പ്രസ്താവനയുടെ ഭാഗമായ മൂന്നു മന്ത്രിമാരെയും സസ്പെൻഡു ചെയ്യാനും അവരുടെbപ്രസ്താവന സർക്കാരിന്റെ അഭിപ്രായമല്ലെന്നു പ്രഖ്യാപിക്കാനും മാലദ്വീപ് തയാറായത്.
വിനോദസഞ്ചാരം മാത്രമല്ല വിഷയം
ലക്ഷദ്വീപിലേക്ക് ഇന്ത്യൻ വിനോദസഞ്ചാരികളെ ക്ഷണിച്ച ഇന്ത്യൻ പ്രധാനമന്ത്രിയെ ഇസ്രയേലുമായി ബന്ധിപ്പിച്ചതും, മാലദ്വീപിലെ ഇന്ത്യൻ സേനയെക്കുറിച്ചുള്ള പരാമർശങ്ങളും, ഈ വിദ്വേഷ പരാമർശങ്ങളുടെ പിന്നിൽ വിനോദ സഞ്ചാരത്തെക്കാളുപരിയായ വിഷയങ്ങൾ കൂടി അടങ്ങിയിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. L സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്നിലേറെ സംഭാവന ചെയ്യുന്ന വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഏതു സംഭവവികാസവും മാലദ്വീപിന് ആശങ്ക സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നുമാത്രമല്ല, മാലദ്വീപിലെത്തുന്ന ആകെ സഞ്ചാരികളുടെ പത്തുശതമാനത്തിലേറെ വരുന്നത് ഇന്ത്യയിൽ നിന്നാണ്. എന്നാൽ, വിനോദ സഞ്ചാരവിഷയങ്ങളേക്കാളുപരി, അന്താരാഷ്ട്രത്തലത്തിലും ആഭ്യന്തരമായും ഇന്ത്യ സ്വീകരിക്കുന്ന നയങ്ങളോടുള്ള മാലദ്വീപിന്റെ പ്രതികരണം കൂടിയായി ഇപ്പോൾ ഉയർന്നുവരുന്നതും ഉന്നയിക്കപ്പെടുന്നതുമായ നിലപാടുകളെ വായിക്കാവുന്നതാണ്.
ആദ്യത്തേത്, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇസ്രായേൽ-പാലസ്തീൻ യുദ്ധത്തിന്റെ ആരംഭത്തിൽ ഇന്ത്യ സ്വീകരിച്ച ഇസ്രായേൽ അനുകൂല നിലപാടാണ്. മുസ്ലിം രാഷ്ട്രമായ മാലദ്വീപിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിലപാട് വലിയ പ്രതിഷേധമുണ്ടാക്കി. അതിന്റെ അനുരണനം മറിയം ഷിയുനയുടെ പ്രതികരണത്തിൽ വളരെ കൃത്യമായി കാണാൻബ്ല കഴിയും. ഈ ഇൻഡ്യാവിരുദ്ധത, 2022ജൂണിൽ, ഇന്ത്യൻ വിദേശകാര്യ മാന്ത്രാലയത്തിന്റെ കൂടി നേതൃത്വത്തിൽ മാലെയിൽ നടന്ന യോഗാദിന ആഘോഷത്തിനെതിരായ പ്രതിഷേധത്തിലും കാണാം. യോഗ, അനിസ്‌ലാമികമാണെന്നതായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യം. 2019ൽ കാശ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി റദ്ദാക്കപ്പെട്ട സംഭവവും മാലദ്വീപിൽ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിനെ ആളിക്കത്തിക്കാൻ “കാശ്മീർ ഐക്യദാർഢ്യ”പരിപാടികളിലൂടെ പാകിസ്ഥാന്റെ പ്രവർത്തനങ്ങളും മാലെയിൽ സജീവമാണ്. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരായി നടക്കുന്ന ആക്രമണങ്ങളും മാലദ്വീപ് ജനതയെ ഇന്ത്യയ്‌ക്കെതിരായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. അതുകൂടി മുതലെടുക്കാനാണ് മുഹമ്മദ് മുയ്‌സു, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ “ഇന്ത്യ പുറത്ത്’ എന്ന മുദ്രാവാക്യം ഉയർത്തിയത്.
‘ഓപ്പറേഷൻ കാക്ടസ്’ മുതൽ കൊവിഡ് വരെ
1965 ജൂലായ് 26ന് ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വാതന്ത്രമായതു മുതൽ കഴിയുന്ന എല്ലാ സഹായങ്ങളും ഇന്ത്യ ചെയ്യുന്നുണ്ടായിരുന്നെങ്കിലും മാലദ്വീപിന് ആ കടപ്പാട് ഉണ്ടായിരുന്നോയെന്ന് സംശയമാണ്. അതിനു തെളിവാണു 1988ൽ മാലദ്വീപ് പ്രസിഡന്റ് മൈമൂൺ അബ്ദുൽ ഗയൂമിനെതിരെ നടന്ന പട്ടാള അട്ടിമറി ശ്രമം. മാലദ്വീപിലെ ചില വിമതരും ശ്രീലങ്കയിലെ തമിഴ്‌വംശജരുടെ ഒരു പ്രസ്ഥാനത്തിലെ അംഗങ്ങളുമായിരുന്നു അട്ടിമറിശ്രമത്തിന്റെ പിന്നിൽ. ഈ അട്ടിമറിശ്രമം ഉണ്ടായപ്പോൾ ലക്ഷദ്വീപിന്റെ തെക്കേയറ്റത്തുള്ള ലക്ഷദ്വീപ് പ്രദേശമായ മിനിക്കോയുമായി വെറും 70 നോട്ടിക്കൽ മൈലും, ഇന്ത്യൻ വൻകരയുമായി 300 നോട്ടിക്കൽ മൈലുംമാത്രം അകലത്തുള്ള ഇന്ത്യയോടല്ല അവർ സഹായം അഭ്യർഥിച്ചത്. മാലദ്വീപ് ആദ്യം സഹായമഭ്യർഥിച്ചത് പാകിസ്ഥാനോടും, ശ്രീലങ്കയോടും; അവർ കൈമലർത്തിയപ്പോൾ സിംഗപ്പൂരിനോടും, അതിനുശേഷം അമേരിക്കയോടുമാണ്. അവരെല്ലാം കൈയൊഴിഞ്ഞതിനുശേഷം ബ്രിട്ടനാണ് ഇന്ത്യൻസഹായംതേടാൻ ഉപദേശിച്ചത്. സഹായം അഭ്യർഥിച്ച് ഒന്പതു മണിക്കൂറിനുള്ളിൽ ഇന്ത്യൻസേന അവിടെയെത്തി, “ഓപ്പറേഷൻ കാക്ടസ്” എന്ന സൈനിക നീക്കത്തിലൂടെ അട്ടിമറിശ്രമത്തെ തകർത്ത് മൈമൂണിന്റെ അധികാരം പുനസ്ഥാപിച്ചു. 2004ലെ സുനാമി ദുരന്തത്തിലും സഹായമെത്തിച്ച ഇന്ത്യ, 2014ൽ ശുദ്ധജല പ്രതിസന്ധിയുണ്ടായപ്പോൾ മൂന്നുമണിക്കൂറിനുള്ളിൽ മാലെയിൽ ശുദ്ധജലം എത്തിച്ചു. 2019-20ൽ കൊവിഡ് മഹാമാരിക്കാലത്തും വാക്സിനും മറ്റ് ഔഷധങ്ങളും, ഭക്ഷണവും സാമ്പത്തിക സഹായവും നൽകി. ഇപ്പോൾ ഇന്ത്യൻ സൈനികരുടെ ചുമതലയിൽ മാലദ്വീപിൽ സജ്ജീകരിച്ചിരിക്കുന്ന റഡാർ സംവിധാനങ്ങൾക്കു പുറമെയുള്ള രണ്ട് ഹെലോകോപ്ടറുകളും ഒരു ഡോർണിയർ വിമാനവും, സമുദ്ര നിരീക്ഷണത്തിനും, മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെയോ, ഒറ്റപ്പെട്ട ദ്വീപുകളിലുള്ളവരെയോ കരയിലോ ആശുപത്രികളിലോ എത്തിക്കുന്നതിനുമാണ്. അങ്ങനെ മാലദ്വീപിൻറെ ആപൽഘട്ടങ്ങളിലെല്ലാം കൂടെ നിൽക്കുന്ന അയൽ രാജ്യത്തിനെതിരായാണ് ഇപ്പോൾ അവർ രംഗത്തുവന്നിരിക്കുന്നത്.
മാലദ്വീപിനെ തള്ളരുത്
പ്രധാനമന്ത്രിക്കെതിരായി മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശങ്ങൾക്കെത്തിരായി ഇന്ത്യയിൽ വലിയ പ്രതിഷേധമുണ്ടായി. എന്നാൽ അതോടൊപ്പം ഇനി ഇന്ത്യക്കാർ ആരും മാലദ്വീപിലേക്ക് വിനോദ സഞ്ചാരത്തിനു പോകരുതെന്നും, ആ രാജ്യവുമായി വ്യാപാരത്തിലേർപ്പെടരുതെന്നും മറ്റുമുള്ള വലിയ കാമ്പെയിനുകളും ഉയർന്നുവന്നു. പ്രധാനമന്ത്രിക്കെതിരായ അന്യായ പരാമർശങ്ങളെ എതിർക്കുമ്പോൾത്തന്നെ, മാലദ്വീപുപോലുള്ള ഒരു രാജ്യത്തെ അവഗണിക്കാനുള്ള തീരുമാനം ഇന്ത്യൻ സുരക്ഷാതാല്പര്യങ്ങൾക്ക് വലിയ അപകടം വരുത്തും. ഇന്ത്യൻ മഹാസാമുദ്രത്തിലെ വളരെ തന്ത്രപ്രധാന മേഖലയിലാണ് മാലദ്വീപ് സ്ഥിതിചെയ്യുന്നത്. വൻശക്തികളുടെ മത്സരകേന്ദ്രമായിരിക്കുന്ന ആ മേഖല, ഇന്ത്യയുടെ വ്യാപാരത്തിനും, ഊർജസുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്. പ്രധാനമന്ത്രിക്കെതിരായ പ്രസ്താവനയുടെപേരിൽ മാലദ്വീപിനെ കൈവിടുന്നത്, ഇന്ത്യ ശത്രുവായിക്കാണുന്ന മറ്റുള്ളരാഷ്ട്രങ്ങൾക്ക് ആ രാജ്യത്തെ എറിഞ്ഞു കൊടുക്കന്നതിനു തുല്യമായിരിക്കും. ഇപ്പോൾത്തന്നെ അവിടെ അധികാരത്തിലെത്തിയിരിക്കുന്നത് ‘ഇന്ത്യ പുറത്തു’പോകണമെന്ന മുദ്രാവാക്യം ഉയർത്തിയവരാണ്. അധികാരമേറ്റയുടൻ തന്നെ മാലദ്വീപിൽ ഹൈഡ്രോഗ്രാഫിക് സർവേ നടത്താൻ ഇന്ത്യയെ അനുവദിക്കുന്ന കരാർ പുതുക്കേണ്ടതില്ല എന്ന് തീരുമാനിച്ചു കഴിഞ്ഞു. 2023ഡിസംബർ ആദ്യവാരം മൗറീഷ്യസിൽ നടന്ന ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, മൗറീഷ്യസ് എന്നീ ചാതുർ രാഷ്ട്രസുരക്ഷാ കോൺക്ലേവിൽ മാലദ്വീപ് പങ്കെടുത്തില്ല. ഇന്ത്യയും മാലദ്വീപും തമ്മിൽ ഒപ്പിട്ട നൂറിലേറെ കരാറുകൾ പുനഃപരിശോധിക്കാനും അവർ തീരുമാനിച്ചിരിക്കയാണ്.
ഇന്ത്യയ്‌ക്കെതിരായ നിലപാടുകൾ കടുപ്പിക്കാൻ തന്നെയാണ് മുയ്‌സുവിന്റെ തീരുമാനമെന്നതിന്റെ മറ്റുചില സൂചനകളും കാണാൻ കഴിയും. മുൻ കാലങ്ങളിൽ മാലദ്വീപിൻറെ പ്രസിഡന്റായി തെരഞ്ഞടുക്കപ്പെടുന്നവർ ആദ്യം സന്ദർശിക്കുന്ന വിദേശ രാജ്യം ഇന്ത്യ ആയിരുന്നു. ഇന്ത്യയോട് എതിർപ്പുണ്ടായിരുന്ന അബ്ദുല്ല യാമീൻപോലും ആദ്യം ഇന്ത്യയാണ് സന്ദർശിച്ചത്. എന്നാൽ, മുയ്‌സു ആദ്യം സന്ദർശിച്ചത് തുർകിയെയും, രണ്ടാമത്തേത് ചൈനയുമായിരുന്നു. ഈ സന്ദര്ശനങ്ങളുടെ രാഷ്ട്രീയവും അവ വരുംദിനങ്ങളിൽ ഇന്ത്യയ്ക്ക് ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളുംകൂടി കണക്കിലെടുത്തു മാത്രമേ മാലദ്വീപിൻറെ കാര്യത്തിൽ ഇന്ത്യ തീരുമാനങ്ങൾ എടുക്കാവൂ.
മാലദ്വീപ് ചെറിയതും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ ഒരു ദ്വീപസമൂഹ രാജ്യമായിരിക്കാം. പക്ഷെ അത് സ്ഥിതി ചെയ്യുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂതന്ത്രപരമായ സുപ്രധാന സ്ഥാനത്താണ്. മറ്റുരാജ്യങ്ങളെപ്പോലെ, ഇന്ത്യയ്ക്കാവശ്യമായ പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയുടെയും വ്യാപാരത്തിന്റെയും പ്രധാന മാർഗമാണ് ഇന്ത്യൻ മഹാസമുദ്രം. അമേരിക്ക-യൂറോപ്യൻ നാവികസേനകളെപ്പോലെ ചൈനയുടെ നാവികസേനയും ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലെ സജീവസാന്നിധ്യമാണ്. ഈ നാവികമത്സരത്തിൽ എല്ലാരാജ്യങ്ങളും ആഗ്രഹിക്കുന്നത് മാലദ്വീപിന്റെ സഹകരണമാണ്. ചെറിയ ദ്വീപസമൂഹത്തിന്റെ വലിയ തന്ത്രപ്രാധാന്യമാണ് അതുകാണിക്കുന്നത്. ആഗോള ശക്തിയാകാൻ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഇന്ത്യൻ മഹാസമുദ്രത്തിലെ മേധാവിത്വവും, ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാൽ മാലദ്വീപിലെ ഉപമന്ത്രിമാർ നടത്തിയ പരാമര്ശങ്ങളുടെ പേരിൽ, ഒട്ടും ആനുപാതികമല്ലാത്ത കടുത്ത നടപടികളിലേക്കു നീങ്ങുന്നത്, മാലദ്വീപിനേക്കാൾ കൂടുതൽ ദോഷകരമാവുക ഇന്ത്യയ്ക്കായിരിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂതന്ത്ര പ്രാധാന്യമുള്ള മാർഗത്തിൽ സ്ഥിതിചെയ്യുന്ന ഒരു അയൽരാജ്യത്തെ അകറ്റാനല്ല, കൂടുതൽ അടുപ്പിക്കാനുള്ള മാർഗങ്ങളാണ്, ഗ്ലോബൽ സൗത്തിന്റെകൂടി നേതാവായി അഭിമാനിയ്ക്കുന്ന ഇന്ത്യചെയ്യേണ്ടത്.
(ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചൈന ആൻഡ് ഐ.ഓ.ആർ. സ്റ്റഡീസിൽ ഡിസ്റ്റിംഗ്വിഷ് ഡ് സീനിയർ ഫെലോ ആണ് ലേഖകൻ.)
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു