ആലപ്പുഴ:ഹൈവേ വികസനത്തിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാൻ എച്ച്.സലാം എം.എൽ.എയുടെ അധ്യക്ഷതയിൽ കളക്ടർ ജോൺ വി സാമുവലിന്റെ സാന്നിധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. എം.എൽ.എയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
നിലവിലെ എൻഎച്ചിൽ നിന്നും തോട്ടപ്പള്ളി ഹാർബറിലേക്കും തീരദേശ പാതയിലേക്കും പ്രവേശിക്കുന്നതിന് തടസ്സം ഉണ്ടായിരുന്നു. പുതിയ ദേശീയ പാത ഡിസൈനിലും ഇവിടേക്ക് എത്തുന്നതിന് മാർഗ്ഗമുണ്ടായിരുന്നില്ല. ഇത് പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് അടിയന്തിര യോഗം ചേരാൻ തീരുമാനിച്ചു.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷനിലും പറവൂർ ജംഗ്ഷനിലും അണ്ടർ പാസ്സേജുകൾ അനുവദിച്ചിട്ടുണ്ട്. അമ്പലപ്പുഴയിലെ
കച്ചേരിമുക്കിന് തെക്ക് – വടക്ക് ഭാഗങ്ങളിൽ സ്പാനുകളുടെ എണ്ണം വർധിപ്പിച്ച് കൂടുതൽ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രോജക്ട് ഡയക്ടർ പറഞ്ഞു.
കുതിരപ്പന്തി മുതൽ കളർകോട് ജംഗ്ഷൻവരെ ബൈപ്പാസിന് താഴെ സമാന്തരമായി സർവീസ് റോഡ് നിർമ്മിക്കാൻ തീരുമാനിച്ചു.
ബൈപാസ്സിൽ നിന്നും ഒഴുകി താഴെയെത്തുന്ന വെള്ളം സമീപത്തെ വീടുകളിലേയ്ക്കും പറമ്പിലേയ്ക്കും കയറുന്ന സ്ഥിതിയാണ്. ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ഒഴുകുന്നതിന് ബൈപ്പാസിനു താഴെ ഇരു ഭാഗത്തും കാണകൾ നിർമ്മിക്കുവാനും തീരുമാനമായി.
എൻ.എച്ച്.എ പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്, നാറ്റ്പാക് ഡയാക്ടർ ഡോ. സാംസൺ മാത്യു, പ്രിൻസിപ്പൽ സയന്റിസ്റ്റ് വി. എസ്. സഞ്ജയ് കുമാർ, സീനിയർ സയന്റിസ്റ്റ് അരുൺ ചന്ദ്രൻ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ജയലക്ഷ്മി, ഡെപ്യൂട്ടി കളക്ടർമാരായ സി. പ്രേംജി,ആർ. സുധീഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗിറ്റ്സി തോമസ്, അസിസ്റ്റന്റ് എഞ്ചിനീയർ കെ. എ. ഷാൻജ, എ. ഓമനക്കുട്ടൻ, എം. നോമൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.