ബെംഗളൂരു ∙ അവസാന പന്തു വരെ ആവേശം, സമനില..സൂപ്പർ ഓവർ..വീണ്ടും സൂപ്പർ ഓവർ..ഒടുവിൽ വിജയം ഇന്ത്യയ്ക്ക് സ്വന്തം. ഇതോടെ അഫ്ഗാനെതിരായ മൂന്നു മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ പരമ്പര നേട്ടം രാജകീയമാക്കി. മത്സരത്തിൽ ഉടനീളം സൂപ്പർ സിക്സറുകളുമായി നിറഞ്ഞാടിയ ഹിറ്റ്മാന്റെ പ്രകടനവും രണ്ടാം സൂപ്പർ ഓവറിലെ രവി ബിഷ്നോയിയുടെ വിക്കറ്റ് നേട്ടവുമാണ് ആവേശ മത്സരത്തിന്റെ ഒടുവിൽ ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് മികച്ച തുടക്കമാണ് ഒപ്പണർമാരായ റഹ്മാനുള്ള ഗുർബസ്( 32 പന്തിൽ 50) ഇബ്രാഹിം സദ്റാനും ( 41 പന്തിൽ 50) നൽകിയത്. സ്കോർ 93ൽ നിൽക്കെയാണ് അഫ്ഗാന്റെ ആദ്യ വിക്കറ്റ് നഷ്ടമായത്. കുൽദീപ് യദവ് എറിഞ്ഞ പന്ത് വാഷിങ്ടൻ സുന്ദർ പിടിച്ചാണ് റഹ്മാനുള്ള പുറത്തായത്. തൊട്ടുപിന്നാലെ സദ്റാനും അസ്മത്തുള്ള ഒമറാസി( 1 പന്തിൽ പൂജ്യം)യും പുറത്തായതോടെ അഫ്ഗാൻ ഒന്നു പരുങ്ങി. എന്നാൽ നാലാമനായി ക്രീസിലെത്തിയ മുഹമ്മദ് നബി( 16 പന്തിൽ 34) യെ കൂട്ടുപിടിച്ച് ഗുൽബാദിൻ നയിബ് സ്കോർ ഉയർത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 56 റൺസ് നിർണായകമായി. 23 പന്തിൽ നാലു ഫോറും നാലു സിക്സറും ഉൾപ്പെടെ 55 റണ്സ് നേടിയ നയിബ് ആണ് അഫ്ഗാന്റെ ടോപ് സ്കോറർ. നബി പോയതോടെ പിന്നാലെ എത്തിയ കരീം, നജുബുള്ള സദ്റാൻ എന്നിവർ രണ്ടും അഞ്ചും റൺസെടുത്ത് പുറത്തായി. അവസാന ഓവറിൽ ജയിക്കാനായി വേണ്ടിയിരുന്നത് 19 റൺസ്. ക്രീസിൽ നയിബ്, പന്തെറിയുന്നത് മുകേഷ് കുമാർ. ആദ്യ ബോൾ വൈഡ്, രണ്ടാം പന്തിൽ പന്ത് അതിർത്തി കടന്നു, അടുത്ത് പന്തിൽ റൺസൊന്നുമെടുത്തില്ലെങ്കിലും പിന്നീടും ഒരു വൈഡ് ലഭിച്ചു. അടുത്ത പന്തിൽ രണ്ടു റൺ, തുടർന്ന് ഒരു സിക്സർ, രണ്ടു ഡബിൾ– ആകെ നേടിയത് 18 റൺസ്. മത്സരം സമനിലയിൽ, സൂപ്പർ ഓവറിലേക്ക്. ഇന്ത്യയ്ക്കായി വാഷിങ്ടൻ സുന്ദർ മൂന്നു വിക്കറ്റും കുൽദീപ് യാദവ് അവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റും നേടി.
ആദ്യ സൂപ്പർ ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസാണ് അഫ്ഗാനിസ്ഥാൻ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രോഹിത് ശർമയും യശസ്വി ജയ്സ്വാളും 16 റൺസ് നേടി. രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യ ഉയർത്തിയ 11 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ അഫ്ഗാന് രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഒരു റൺ നേടാനെ കഴിഞ്ഞുള്ളൂ. അതോടെ രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് 10 റൺസ് വിജയം.