ബെംഗളൂരു : ബെംഗളൂരുവിലെ ചിന്നസാമി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഷോ ആയിരുന്നു. ആദ്യ രണ്ടു മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന്റെ ക്ഷീണം തീർത്ത് കൂറ്റൻ സെഞ്ചറിയുമായി രോഹിത് കളം നിറഞ്ഞപ്പോൾ അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. 69 പന്തിൽ എട്ടു സിക്സറുകളുടെയും 11 ഫോറുകളുടെയും അകമ്പടിയോടെ പുറത്താകാതെ 121 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 22–4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ രോഹിത്തും റിങ്കു സിങ്ങും ചേർന്നാണ് 212–4 എന്ന നിലയിലേക്ക് എത്തിച്ചത്. ട്വന്റി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, സ്വന്തം ആത്മവിശ്വാസത്തോടൊപ്പം ടീമിന്റെ ആത്മവിശ്വാസവും തിരിച്ചുപിടിക്കാൻ രോഹിത്തിന്റെ ഈ പ്രകടനം തുണയാകും.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ യശസ്വി ജയ്‌സ്‌വാളിനെ നഷ്ടമായി. സ്കോർ 18ൽ നിൽക്കെ ഫരീദ് അഹമ്മദ് എറിഞ്ഞ പന്ത് മുഹമ്മദ് നബി പിടിച്ചാണ് ജയ്‌സ്‌വാൾ (6 പന്തിൽ 4) പുറത്തായത്. പിന്നീടുള്ള സ്കോർ ബോർഡിൽ നാലു റൺ കൂട്ടി ചേർക്കുന്നതിനിടെ ഇന്ത്യയുടെ മൂന്നു വിക്കറ്റുകൾ വീണു. വിരാട് കോലിയും സഞ്ജു സാംസണും പൂജ്യത്തുനും ദുബെ ഒരു റണ്ണുമെടുത്ത് കളം വിട്ടു. ഇന്ത്യ കൂട്ടതകർച്ചയിൽ പതറി നിൽക്കെയാണ്, ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൂട്ടായി റിങ്കു സിങ് എത്തുന്നത്. പിന്നീടങ്ങോട്ട് ഇന്ത്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
ഇരുവരും ചേർന്ന് നേടിയ 190 റൺസിന്റെ കൂട്ടികെട്ടാണ് ഇന്ത്യയുടെ സ്കോർ 200 കടത്തി. റിങ്കു 39 ബോളിൽ 69 റൺസാണ് അടിച്ചെടുത്തത്. അതിൽ ആറു സിക്സറുകളും രണ്ടു ഫോറും ഉൾപ്പെടും. അഫ്ഗാനിസ്ഥാനായി ഫരീദ് അഹമ്മദ് മാലിക് മൂന്നു വിക്കറ്റുകളും അസ്മത്തുള്ള ഒമർസായ് ഒരു വിക്കറ്റും നേടി.