ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇറാന് നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. ഇറാന്റെ നയതന്ത്ര പ്രതിനിധിയെ പാകിസ്താന് പുറത്താക്കി. നടപടി കൈക്കൊണ്ട് മണിക്കൂറുകള്‍ക്കകം, സ്വന്തം നയതന്ത്ര പ്രതിനിധിയെ ഇറാനില്‍നിന്ന് പാകിസ്താന് തിരിച്ചുവിളിക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് ഇറാന്, പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ പഞ്ച്ഗുര്‍ മേഖലയില്‍ വ്യോമാക്രമണം നടത്തിയത്.
ഇറാനില്‍നിന്ന് തങ്ങളുടെ പ്രതിനിധിയെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതായി പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്, ഇസ്ലാമാബാദില് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇറാന്റെ പാകിസ്താനിലേക്കുള്ള അംബാസഡര്‍ നിലവില്‍ ഇറാന് സന്ദര്‍ശനത്തിലാണ്. അദ്ദേഹം ഇപ്പോള്‍ മടങ്ങിവരേണ്ടതില്ലെന്നും മുംതാസ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടക്കുന്നതും ആസൂത്രണം ചെയ്തിട്ടുള്ളതുമായ എല്ലാ ഉന്നതതല സന്ദര്‍ശനങ്ങളും നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
ബലൂചിസ്താനില്‍, ജയ്ഷ് അല്‍ അദ്ല് ഭീകരസംഘടനയ്ക്ക് നേര്‍ക്ക് നടത്തിയതെന്ന് ഇറാന് അവകാശപ്പെടുന്ന വ്യോമാക്രമണത്തെ പാകിസ്താന് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. തങ്ങളുടെ വ്യോമമേഖലയിലേക്ക് പ്രകോപനമില്ലാത്ത കടന്നുകയറ്റമാണ് ആക്രമണത്തിലൂടെ ഇറാന് നടത്തിയതെന്ന് പാകിസ്താന് ആരോപിച്ചു. ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറാന് നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
2012-ലാണ് ജയ്ഷ് അല്‍ അദ്ല് രൂപംകൊണ്ടത്. തെക്കുകിഴക്കന്‍ ഇറാനിലെ സിസ്തന്‍-ബലൂചിസ്താനിലാണ് ഇവര്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഇറാനിലെ സുരക്ഷാസേനയ്ക്കു നേര്‍ക്ക് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ ജയ്ഷ് അല്‍ അദ്ല് നടത്തിയിരുന്നു. ഡിസംബറില്‍ ഇറാനിലെ പോലീസ് സ്റ്റേഷനു നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ 11 പോലീസുകാരാണ് കൊല്ലപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു