അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് എന്‍ സി പി നേതാവ് ശരദ് പവാർ. ജനുവരി 22 ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്നും നിർമ്മാണം പൂർത്തിയായതിന് ശേഷം ക്ഷേത്രം സന്ദർശിക്കുമെന്നും ശരദ് പവാർ വ്യക്തമാക്കി.’അയോധ്യയിൽ നടക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ശ്രീരാമഭക്തർ ഉത്സാഹഭരിതരും ആകാംക്ഷാഭരിതരുമാണ്. ഈ ചടങ്ങിന്റെ സന്തോഷം അവരിലൂടെ എന്നിലും എത്തും. ജനുവരി 22ന് നടക്കുന്ന ചടങ്ങിന് ശേഷം രാം ലല്ലയുടെ ദർശനം കൂടുതൽ എളുപ്പമാകും. അയോധ്യ സന്ദർശിക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ആ സമയത്ത്, എനിക്ക് വളരെ ഭക്തിയോടെ ശ്രീരാമനെ വണങ്ങാം. അപ്പോഴേക്കും രാമക്ഷേത്രത്തിന്റെ നിർമ്മാണവും പൂർത്തിയാകും,” പവാർ ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.കോൺഗ്രസ്, ശിവസേന (യുബിടി), തൃണമൂൽ കോൺഗ്രസ് (ടിഎംസി), സി പി എം, സി പി ഐ എന്നിവയുൾപ്പെടെയുള്ള പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ ബ്ലോക്കിലെ സഖ്യകക്ഷികൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എന്‍ സി പി അധ്യക്ഷനും നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.