ആലപ്പുഴ: ദേശീയ സമ്മതിദാന ദിനമായ ജനുവരി 25-ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പകല്‍ 11 മണിക്ക് പ്രതിജ്ഞ എടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍ദേശിച്ചു. ദേശീയ സമ്മതിദാന ദിനം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്. ബാങ്ക് ഉള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന ഓഫീസുകളില്‍ അവരേയും പ്രതിജ്ഞയുടെ ഭാഗമാക്കും.
ജനാധിപത്യ ആശയം പ്രചരിപ്പിക്കുന്നതിനും സമ്മതിദാനാവകാശ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമ്മതിദാന ദിന സന്ദേശം പതിപ്പിക്കും. സമ്മതിദാനത്തിന് പകരമില്ല, എന്റെ വോട്ട് ഉറപ്പാക്കും എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ദിനാചരണത്തോടനുബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി, കോളേജ് തലത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും.
ജനുവരി 17-ന് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും കോളേജുകളിലും മത്സരം നടത്തും. ഇതില്‍ വിജയികളാകുന്നവരെ ഉള്‍പ്പെടുത്തി ജില്ലാതല മത്സരം 22-ന് കളക്ടറേറ്റില്‍ സംഘടിപ്പിക്കും. ജില്ലാതല വിജയികള്‍ക്ക് 25-ന് ദിനാചരണ പരിപാടിയില്‍ സമ്മാനം നല്‍കും. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.