പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനം കണക്കിലെടുത്ത് തൃശൂർ ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകൾ മാറ്റിവയ്ക്കില്ല. കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ ഗുരുവായൂരിലെ വഴിയോര കച്ചവടങ്ങള്‍ രണ്ടുദിവസം മുന്‍പേ എസ് പി ജി അടപ്പിച്ചു. മകരവിളക്ക് കഴിഞ്ഞ് അയ്യപ്പഭക്തര്‍ കൂട്ടത്തോടെ എത്തുമ്പോള്‍ ലഭിക്കുന്ന കച്ചവടം ആയിരുന്നു ഇവിടത്തെ വഴിയോര വ്യാപാരികളുടെ പ്രധാന വരുമാനം. ഈ സീസണ് ലക്ഷ്യമിട്ട് ലോണെടുത്ത് സാധനങ്ങള്‍ സംഭരിച്ച കച്ചവടക്കാരുടെയെല്ലാം പ്രതീക്ഷ തകിടം മറിഞ്ഞതായി വഴിയോര കച്ചവടക്കാര്‍ പറയുന്നു.
കൂടാതെ, മോദി ഇന്നലെ കൊച്ചിയിലെത്തിയ സാഹചയത്തിൽ കടുത്ത ഗതാഗത നിയന്ത്രണമാണ് കൊച്ചിയിൽ ഏർപ്പെടുത്തിയിരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലും ഇന്നലെ മുതൽ തന്നെ നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ ക്ഷേത്ര ദർശനത്തിനായി ആരെയും പ്രവേശിപ്പിച്ചിട്ടില്ല. നടപന്തലിൽ പോലും പ്രവേശനം നൽകാതെ ക്ഷേത്രത്തിലേക്കുള്ള കവാടങ്ങളെല്ലാം ഇന്നലെ മുതലേ അടച്ചിട്ടിരിക്കുകയായിരുന്നു.