നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ഡൽഹി ക്രൈം’ ക്രിയേറ്റർ റിച്ചി മേത്ത തിരക്കഥ ഒരുക്കി സംവിധാനം നിർവഹിക്കുന്ന പുതിയ സീരിസ് ‘പോച്ചർ’ന്റെ റിലീസ് പ്രഖ്യാപിച്ചു.
ഫെബ്രുവരി 23 ന് ആമസോൺ പ്രൈമിലാണ് സീരിസ് റിലീസ് ചെയ്യുന്നത്. കേരളത്തിൽ നടന്ന യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. ജോർദാൻ പീലെസ് ഗെറ്റ് ഔട്ട്, സ്പൈക്ക് ലീയുടെ ബ്ലാക്ക് ക്ലാൻസ്മാൻ തുടങ്ങിയ ഫീച്ചർ ഫിലിം ഹിറ്റുകൾ നൽകിയ ഓസ്കർ നേടിയ പ്രൊഡക്ഷൻ ഫിനാൻസ് കമ്പനിയായ ക്യുസി എന്റർടൈൻമെന്റ് ആണ് സീരിസ് നിർമിച്ചിരിക്കുന്നത്.
ഡൽഹിയും കേരളവുമാണ് സീരിസിന്റെ പ്രധാന ലൊക്കേഷനുകൾ. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ചിത്രീകരിച്ച സീരിസ് എട്ട് എപ്പിസോഡുകളായിട്ടാണ് റിലീസ് ചെയ്യുക. സീരിസിന്റെ ആദ്യ മൂന്ന് എപ്പിസോഡുകൾ നേരത്തെ 2023-ലെ സൺ ഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.
നിരവധി കോടതി രേഖകളും ആളുകളെ നേരിട്ട് സന്ദർശിച്ചും നീണ്ട നാളത്തെ റിസർച്ചിന് പിന്നാലെയാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. ജോഹാൻ എയ്ഡ് ആണ് സീരിസിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആൻഡ്രൂ ലോക്കിംഗ്ടൺ ആണ് സംഗീതസംവിധാനം, എഡിറ്റർ ബെവർലി മിൽസ്.