കനത്ത മൂടൽമഞ്ഞ് മൂലം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിമാനങ്ങൾ വൈകുന്നത് സംബന്ധിച്ചുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കാൻ തയാറാക്കിയ പുതിയ നടപടിക്രമങ്ങൾ വിശദീകരിച്ച് വ്യോമയാന മന്ത്രി ജ്യോതിരാജിത്യ സിന്ധ്യ.
എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ” എയർലൈയാത്രക്കാരുടെ അസൗകര്യം ലഘൂകരിക്കാൻനുകൾക്ക് നൽകിയിട്ടുള്ള പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (SOP) സിന്ധ്യ വിശദീകരിച്ചത്. ഇവ കൂടാതെ രാജ്യത്തെ ആറ് മെട്രോ വിമാനത്താവളങ്ങളിൽ ‘വാർ റൂമുകൾ’ സജീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
വിമാനത്താവളങ്ങളിൽ നിന്നു ദിവസേനയുള്ള റിപ്പോർട്ടുകളും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ റിപ്പോർട്ടുകളും കേന്ദ്രത്തിന് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിമാനത്താവളങ്ങളിൽ സിഐഎസ്എഫ് ഉദ്യാഗസ്ഥരുടെ സേവനം പൂർണമായി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ റൺവേ 29 എൽ CAT III പ്രവർത്തനക്ഷമമാക്കിയെന്നും, മൂടൽമഞ്ഞ് സാഹചര്യങ്ങളിലും ടേക്ക് ഓഫുകൾ കൈകാര്യം ചെയ്യാൻ അനുവദിക്കുന്നതായും സിന്ധ്യ പറഞ്ഞു.
റൺവേ 10/28 – CAT III സ്റ്റാറ്റസും – ഉടൻ പ്രവർത്തനക്ഷമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു എയർപോർട്ടിലെ ഏറ്റവും പഴയ റൺവേ കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്ക് ശേഷം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയായിരുന്നു.നേരത്തെ ഡൽഹിയിൽ മൂടൽ മഞ്ഞ് മൂലം വ്യോമയാന ഗതാഗതം പ്രതിസന്ധിയിലായ സാഹചര്യത്തിൽ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ബോർഡ് ചെയ്യാൻ പറ്റാതിരിക്കുക, വിമാനങ്ങളുടെ കാലതാമസം, വിമാനങ്ങളുടെ റദ്ദാക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളാണ് മാർഗനിർദേശങ്ങളിൽ പറയുന്നത്. മൂന്നു മണിക്കൂറിനപ്പുറം വൈകാൻ സാധ്യതയുള്ളതോ വൈകുന്നതോ ആയ വിമാനങ്ങൾ എയർലൈനുകൾ റദ്ദാക്കിയേക്കും എന്ന് സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയറിൽ (എസ്ഒപി) ഡിജിസിഎ പറയുന്നു. എല്ലാ എയർലൈനുകളും ഉടൻ തന്നെ എസ്ഒപി പാലിക്കണമെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്.
എന്നിരുന്നാലും, എയർലൈനുകളുടെ നിയന്ത്രണത്തിന് അതീതമായ അസാധാരണ സാഹചര്യങ്ങളുടെ കാര്യത്തിൽ, ഈ നിയമങ്ങളിലെ വ്യവസ്ഥകൾ ബാധകമല്ല. വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകളുടെ കാലതാമസത്തെക്കുറിച്ചുള്ള കൃത്യമായ തത്സമയ വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്നും എസ്ഒപിയിൽ പറഞ്ഞിട്ടുണ്ട്. എയർലൈനിന്റെ ബന്ധപ്പെട്ട വെബ്സൈറ്റിലോ ബാധിതരായ യാത്രക്കാർക്ക് മെസേജ്, വാട്സാപ്പ്, ഇമെയിൽ എന്നിവ വഴിയോ മുൻകൂറായി വിവരം അറിയിക്കണം.
വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്ന യാത്രക്കാർക്ക് ഫ്ലൈറ്റ് കാലതാമസത്തെക്കുറിച്ചുള്ള അപ്ഡേറ്റ് ചെയ്ത വിവരങ്ങൾ പ്രദർശിപ്പിക്കണം. ഒപ്പം വിമാനത്തിന്റെ കാലതാമസത്തെക്കുറിച്ച് യാത്രക്കാരോട് ഉചിതമായ രീതിയിൽ ആശയവിനിമയം നടത്താനും തുടർച്ചയായി മാർഗനിർദേശം നൽകാനും എയർപോർട്ടുകളിലെ എയർലൈൻ സ്റ്റാഫിന് ബോധവൽക്കരണം നൽകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.