ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ‘നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പരിപാടി’യാണെന്നു പറഞ്ഞ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. രാഹുൽ ഗാന്ധി സ്വപ്ന ലോകത്താണ് ജീവിക്കുന്നതെന്നു പറഞ്ഞ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, രാഹുലിന്റെ രാഷ്ട്രീയം ഇന്ത്യയിലെ ജനങ്ങൾക്കു തിരിച്ചറിയാൻ കഴിയുമെന്നും അവർ അദ്ദേഹത്തിനു തക്കതായ മറുപടി നൽകുമെന്നും പറഞ്ഞു . രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള ഹിന്ദുക്കൾക്ക് രാമക്ഷേത്രം ഒരു വികാരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
‘‘രാഹുൽ ഗാന്ധി ഒരു സ്വപ്നലോകത്താണ് ജീവിക്കുന്നത്. പറയുന്ന കള്ളത്തരങ്ങളെല്ലാം ആളുകൾ വിശ്വസിക്കുമെന്നാണ് രാഹുൽ കരുതുന്നത്. 2014ലും 2019ലും അദ്ദേഹം ശ്രമിച്ചു, ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾ വിവേകമുള്ളവരാണ്. അവർക്ക് സത്യമെന്താണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്താണെന്നും മനസ്സിലാക്കാൻ കഴിയും. അതിനാൽ രാഹുലിനു മറുപടി നൽകാനുള്ള അവകാശം ജനങ്ങൾക്കു വിട്ടുനൽകുന്നു.
‘‘രാഹുലിന്റെ ഗുരു സാം പിത്രോദയും കഴിഞ്ഞ ദിവസം ഇതു തന്നെയാണ് പറഞ്ഞത്. അതുകൊണ്ട് രാഹുലിന് അദ്ദേഹത്തിന് തോന്നുന്നതു പറയാം, എന്നാൽ കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഇതു തീർത്തും വൈകാരികമായ പ്രശ്നമാണ്. നമ്മുടെ വിശ്വാസത്തിൽ മറ്റൊരാൾക്കു കൈകടത്താൻ കഴിയുമെന്നാണ് രാഹുൽ വിശ്വസിക്കുന്നത്. അദ്ദേഹത്തിന് അത് സ്വതന്ത്രമായി ചെയ്യാൻ കഴിയുമെന്നും കരുതുന്നു.
‘‘എന്നാൽ ഇക്കാര്യത്തിൽ അങ്ങനെയല്ല. ജീവിതത്തിൽ എപ്പോഴെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് എത്താൻ താൽപര്യപ്പെടുന്നവരാണ് ഇന്ത്യക്കാരെല്ലാം. അവർ അങ്ങനെ ചെയ്യുന്നത് മറ്റൊന്നിനും വേണ്ടിയല്ല, മറിച്ച് അവരുടെ അകമഴിഞ്ഞ ദൈവവിശ്വാസം കൊണ്ടാണ്.’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആർഎസ്എസും ബിജെപിയും ചേർന്ന് രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്നും അതിനാലാണ് കോൺഗ്രസ് വിട്ടു നിൽക്കുന്നതെന്നുമാണ് രാഹുൽ ഗാന്ധി ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ മാധ്യമങ്ങളോടു പറഞ്ഞത്. ശങ്കരാചാര്യർമാർ വരെ ഇതൊരു രാഷ്ട്രീയ പരിപാടിയാണെന്ന് പറഞ്ഞതായി രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു