കൊല്ലം: ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിൽ നിരന്തരമുണ്ടാകുന്ന അഗ്നിബാധ തടയുന്നതിന് സാധ്യമായ മുന്‍കരുതലുകൾ വേണമെന്ന ആവശ്യം ഉയരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
ജില്ല പുതുവർഷത്തിലേക്ക് കടന്നതുതന്നെ പരവൂർ തീപിടിത്തത്തിന്റെ ഞെട്ടലോടെയായിരുന്നു. പുതുവർഷ ദിനത്തിൽ പരവൂർ മുനിസിപ്പാലിറ്റിയുടെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ദുരന്തം ഒഴിവായത് തലനാരിഴക്കായിരുന്നു.
പ്ലാസ്റ്റിക് മാലിന്യത്തിൽ പടർന്ന തീ പൊടുന്നനെ ആളിപ്പടരുകയായിരുന്നു. അഗ്നിശമന സേനക്കൊപ്പം പൊലീസിന്റെയും നാട്ടുകാരുടെയും കൃത്യമായ ഇടപെടലിലാണ് തീ നിയന്ത്രണാവിധേയമായത്. അതിനുശേഷം ജനുവരി ഒമ്പതിന് ചക്കുവള്ളി പോരുവഴി പള്ളിമുറി കൊച്ചേരി ചെമ്മാട്ട് മുക്കിനു സമീപത്തെ അനധികൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ജില്ലയെ നടുക്കിയ ഉഗ്രസ്ഫോടനം നടന്നു.
ചെമ്മാട്ട് മുക്കിനു സമീപം ആൾതാമസമില്ലാത്ത വീടിനോട് ചേർന്നുള്ള ഷെഡിൽ പ്രവർത്തിച്ച സംഭരണ കേന്ദ്രത്തിൽ ചെറിയ സിലിണ്ടറുകളിൽനിന്ന് വാണിജ്യ ആവശ്യത്തിനുള്ള വലിയ സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറക്കുന്നതിനിടെയാണ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത്.
അതിനുശേഷം ജനുവരി 14ന് കാവനാട് മണിയത്ത് മുക്കിൽ ഹാർഡ്വെയർ കടയിലുണ്ടായ തീപിടിത്തമായിരുന്നു അവസാനമായി സംഭവിച്ചത്. കോടികളുടെ നഷ്ടം സംഭവിച്ചെങ്കിലും ആളപായമുണ്ടായിരുന്നില്ല. 2024 പുതുവർഷം തുടങ്ങി മാസത്തിന്റെ പകുതിപിന്നിട്ടതോടെ രണ്ടു തീപിടിത്തങ്ങളും ഒരു അനധികൃത ഗ്യാസ് നിറക്കൽ യൂനിറ്റിലെ പൊട്ടിത്തെറിയുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
കെട്ടിടങ്ങൾ, മാളുകൾ, വ്യവസായ യൂനിറ്റുകൾ, ഫ്ലാറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി തീപിടിത്ത സാധ്യതയുള്ള കെട്ടിടസമുച്ചയത്തിൽ ഒരുക്കേണ്ട സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നത് പരിശോധിക്കാനും അഗ്നിബാധ തടയുന്നതിനായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്യണമെന്ന ആവശ്യം നിരന്തരം ഉയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല.
പല കെട്ടിട ഉടമകളും പെർമിഷനുവേണ്ടി മാത്രം അഗ്നിബാധ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുകയും പിന്നീട് ചട്ടലംഘനം നടത്തുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്.
ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ പരിശോധന കർശനമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജില്ല ഫയർ ഓഫിസറും തദ്ദേശ സ്വയംഭരണ വകുപ്പ് അല്ലെങ്കിൽ നഗരസഭ അധികൃതർ പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ഓരോമാസവും ചേരുന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സമർപ്പിക്കണം.
റിപ്പോർട്ട് പരിശോധിച്ച് ചട്ടലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നഗരസഭ സ്ഥാപനങ്ങൾ നോട്ടീസ് നൽകുകയോ നടപടി സ്വീകരിക്കുകയോ വേണം. 15 ദിവസത്തിനുള്ളിൽ അപാകത പരിഹരിച്ചില്ലെങ്കിൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിക്കുകയും വേണമെന്ന നിയമങ്ങൾ കർശനമാക്കണം.
മുൻകരുതൽ
- ഏതുതരം തീപിടിത്തവും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനെ അറിയിക്കണം
- അഗ്നിബാധയും മറ്റ് അപകടങ്ങളും അഗ്നിരക്ഷ വകുപ്പിന്റെ 101 എന്ന നമ്പറില്‍ സമയബന്ധിതമായി അറിയിക്കാനും ശ്രദ്ധിക്കണം
- അഗ്നിബാധക്കിടയാക്കുന്ന തരത്തില്‍ തീക്കൊള്ളിയും മറ്റും അലക്ഷ്യമായി വലിച്ചെറിയരുത്
- പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കരുത്. മാലിന്യവും മറ്റും കത്തിച്ച സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്
- കെട്ടിടങ്ങള്‍ക്ക് സമീപം തീ പടരാന്‍ സാധ്യതയുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അതു നീക്കം ചെയ്യണം
- പൊതുസ്ഥലങ്ങളില്‍ പുകവലി നിര്‍ബന്ധമായും ഒഴിവാക്കുക
- മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ പൊട്ടിത്തെറിക്കുന്നതോ ആളിക്കത്തുന്നതോ ആയ ദ്രാവകങ്ങള്‍ അടങ്ങിയ കുപ്പികളോ സമാനമായ മറ്റു വസ്തുക്കളോ ഇടാതിരിക്കുക
- കെട്ടിടങ്ങളിലെ സ്ഥിരംഅഗ്നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം
- തീ കത്താന്‍ സാധ്യതയുള്ള വസ്തുക്കള്‍ കൂട്ടിയിടരുത്
- വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും ശേഷവും അഗ്നിബാധക്കുള്ള സാധ്യത ഒഴിവാക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം, രാത്രിയില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളില്‍നിന്നും അഗ്നിബാധക്കുള്ള സാധ്യത ഒഴിവാക്കണം
- ഒഴിഞ്ഞ പറമ്പുകളിലും പുരയിടങ്ങളിലും കത്താന്‍ പര്യാപ്തമായ രീതിയില്‍ പുല്ലും ഉണങ്ങി നില്ക്കുന്ന മരങ്ങളും നീക്കം ചെയ്യണം
- കാട്ടുതീ തടയുന്നതിനും കാട്ടുതീ മൂലം അപകടം ഒഴിവാക്കുന്നതിനും വിനോദ സഞ്ചാരികളടക്കം ശ്രദ്ധിക്കണം
- വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അസ്വാഭാവികമായ ഗന്ധമോ മറ്റോ അനുഭവപ്പെട്ടാല്‍ പരിശോധിച്ചതിനുശേഷം മാത്രം യാത്ര തുടരുക.
- പ്രതികരണം (വി.സി. വിശ്വനാഥ്, ജില്ല ഫയർ ഓഫിസർ)
- ചൂട് കൂടിയതിനാൽ തീപിടിത്തമുണ്ടാകാൻ സാധ്യതയുള്ള ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണം. ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഉൾപ്പെടെ പ്രാഥമിക അഗ്നിരക്ഷാ ഉപകരണങ്ങൾ എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകണം. ഷോർട്ട് സർക്യൂട്ട് ഉണ്ടാകാൻ സാധ്യതയില്ലെന്ന് ഉറപ്പാക്കണം. കഴിഞ്ഞവർഷം രണ്ടായിരത്തിലധികം പരിശോധനകൾ നടത്തിയിരുന്നു. അഗ്നിരക്ഷാ ബോധവത്കരണ ക്ലാസുകളും നടത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു