തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരസ്ഥാനത്തിരിക്കുന്നവർ തന്നെ യുക്തിരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്രബോധമുള്ള തലമുറയെ വളർത്തിയെടുക്കാനാകില്ല. ശാസ്ത്രം ശാസ്ത്രത്തിനു വേണ്ടിയല്ല, സമൂഹത്തിനു വേണ്ടിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തോന്നയ്ക്കൽ ബയോ ലൈഫ് സയൻസസ് പാർക്കിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് ലോക്ഡൗൺ സമയത്തു ജനങ്ങളോടു പാത്രം കൊട്ടാനും മറ്റും പ്രധാനമന്ത്രി നിർദേശിച്ചതു സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
‘‘ശാസ്ത്രം സമൂഹത്തിൽ വേരോടാതിരിക്കാനുള്ള ശ്രമങ്ങൾ ചില അധികാരകേന്ദ്രങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. വെറുപ്പിന്റെ ആശയങ്ങളും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ കേരളത്തിൽ വേരോടാത്തത് പണ്ടുമുതൽ തന്നെ നിഷ്കർഷത വച്ചതിനാലാണ്.
ദൈവദശകത്തിനൊപ്പം സയൻസ് ദശകവും ഉണ്ടായ നാടാണിത്. ആരാധനാലയങ്ങളല്ല, വിദ്യാലയങ്ങളാണ് ഉയരേണ്ടതെന്ന ഉത്ബോധനം ഉണ്ടായ നാടാണിത്. ശാസ്ത്രത്തെ നോക്കുകുത്തിയാക്കി ആൾദൈവങ്ങളെ ആദരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു