കൊച്ചി: വനിതാ ജീവനക്കാരുടെ സ്ഥലംമാറ്റം പരിഗണിക്കുമ്പോൾ തൊഴിലുടമകള്‍ സഹാനുഭൂതിയോടെ പെരുമാറണമെന്ന് ഹൈക്കോടതി. കുട്ടികളെയും പ്രായമേറിയ മാതാപിതാക്കളെയും സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് സ്ത്രീകള്‍. പുതിയ സ്ഥലത്തേക്ക് മാറ്റുമ്പോൾ ജോലിയും കുടുംബവും ഒരുപോലെ കൊണ്ടുപോകാൻ അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലുടമകള്‍ തുറന്ന മനസും സഹാനുഭൂതിയും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ പറഞ്ഞു. സ്ഥലംമാറ്റം ചോദ്യംചെയ്തുള്ള രണ്ട് സ്ത്രീകളുടെ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. ഹരജിക്കാരുടെ സ്ഥലംമാറ്റ കാര്യത്തില്‍ അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തീരുമാനം എടുക്കുന്നതുവരെ തല്‍സ്ഥിതി തുടരാനും കോടതി നിര്‍ദേശം നല്കി.