‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ദേവിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മോക്ഷ, നടന്മാരായ അമിത് ചക്കാലക്കൽ, വിനയ് ഫോര്‍ട്ട്, പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്, മണികണ്ഠന് ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്, ജിബിന്‍ ഗോപിനാഥ്, ജിതിന് ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സന്, അമ്പിളി അംബാലി തുടങ്ങിയവരും അഭിനയിക്കുന്നു.
Read also: ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് നാടകം അരങ്ങിലേക്ക് …….
ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ.വി. അനിൽ എന്നിവർ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് രഞ്ജിന് രാജ് സംഗീതം പകരുന്നു.
കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ,കൊടുമ്പ്, വാളയാർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമായ ‘ചിത്തിനി’ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.