റിയാദ്:വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ലൈസന്‍സ് കോപ്പികള്‍ ഇനി കടകളിലും സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കേണ്ട. പകരം ഏകീകൃത ഇലക്ട്രോണിക് കോഡ് മതി.
പുതിയ കോഡ് സംവിധാനം. വാണിജ്യമന്ത്രാലയവുമായി സഹകരിച്ചാണ് നടപ്പാക്കുന്നതെന്നും വാണിജ്യസ്ഥാപനങ്ങളുടെ ഡാറ്റകള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് ഒരു പോയന്റിലേക്ക് കേന്ദ്രീകരിക്കുന്ന പദ്ധതിയാണിതെന്നും വാണിജ്യമന്ത്രി മാജിദ് അല്‍ഖസബി അറിയിച്ചു.
നിലവിലെ സര്‍ട്ടിഫിക്കറ്റുകളെല്ലാം ഒരു ബാര്‍ കോഡില്‍ കൊണ്ടുവരുന്ന രീതിയാണിത്. ആ ബാര്‍കോഡ് റീഡ് ചെയ്താല്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും വിവരങ്ങള്‍ ലഭ്യമാകും. സ്ഥാപനങ്ങളുടെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ ആസ്ഥാനങ്ങളിലും ശാഖകളിലും പ്രദര്‍ശിപ്പിക്കുന്നത് ഫലമായുണ്ടാകുന്ന അഭംഗി ഒഴിവാക്കാനാണിത്. അതോടൊപ്പം മന്ത്രാലയങ്ങളുടെ പരിശോധകര്‍ക്ക് ഏറെ സൗകര്യവുമായിരിക്കും
ആദ്യഘട്ടത്തില്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ബലദിയ സര്‍ട്ടിഫിക്കറ്റ്, വാറ്റ് സര്‍ട്ടിഫിക്കറ്റ്, സിവില്‍ ഡിഫന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഏകീകൃത കോഡില്‍ ലഭ്യമാകുക. അടുത്ത ഘട്ടത്തില്‍ മറ്റു ലൈസന്‍സുകളും ഇതിന്റെ പരിധിയില്‍ വരും. വാണിജ്യമന്ത്രാലയത്തിന്റെ സൗദി ബിസിനസ് സെന്ററിന്റെ വെബ്സൈറ്റ് വഴിയാണ് ഇലക്ടോണിക് കോഡ് ലഭ്യമാകുക. രാജ്യത്തെ 14 നഗരങ്ങളില്‍ 17 ഓഫീസുകള്‍ വഴി ബിസിനസ് സെന്റര്‍ 750ലധികം സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.