അങ്കാറ: ഗോളടിച്ചതിനു പിന്നാലെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ സംബന്ധിച്ച സന്ദേശം നല്കിയ ഫുട്ബോള്‍ താരത്തെ തുര്‍ക്കിയില്‍ അറസ്റ്റുചെയ്തു. തുര്‍ക്കി ക്ലബ്ബായ അന്തലിയാസ്പറിന്റെ ഇസ്രയേല്‍ താരം സഗീവ് ജസ്കലിനെയാണ് അറസ്റ്റുചെയ്തത്. വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് തുര്‍ക്കി മന്ത്രി അറിയിച്ചു.
28-കാരനായ ഇസ്രയേലിന്റെ ദേശീയ ടീം താരം തുര്‍ക്കിയിലെ പ്രഫഷണല്‍ ക്ലബ്ബായ ട്രാബ്സന്പറിനെതിരേ ഗോള്‍ നേടിയപ്പോള്‍ നടത്തിയ ആഘോഷമാണ് അറസ്റ്റിനു വഴിവെച്ചത്. ഇടതുകൈത്തണ്ടയില്‍ 100 ഡെയ്സ് 07/ 10 എന്നെഴുതിയ ബാന്‍ഡേജ് കെട്ടിയായിരുന്നു ആഘോഷിച്ചിരുന്നത്. ഇത് ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന്റെ നൂറാംദിനം പ്രമാണിച്ചുള്ള ആഘോഷമാണെന്നാണ് വിലയിരുത്തല്‍. 07/ 10 എന്നത് ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി നടത്തിയ അക്രമണത്തെ സൂചിപ്പിക്കുന്നതാണെന്നും വിലയിരുത്തപ്പെടുന്നു.
ഇസ്രയേല്‍ ദേശീയ ടീമിനുവേണ്ടി എട്ടുതവണ ബൂട്ടണിഞ്ഞ താരമാണ് സഗീവ് ജസ്കല്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി തുര്‍ക്കി മന്ത്രി യില്‍മാസ് ടങ്ക് എക്സില്‍ അറിയിച്ചു. അടിച്ചമര്‍ത്തപ്പെട്ട പലസ്തീനികള്‍ക്കൊപ്പം നില്‍ക്കുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് അന്തലിയാസ്പര് ക്ലബ്ബ് സഗീവിനെ നേരത്തേതന്നെ പുറത്താക്കിയിരുന്നു. താരത്തിന്റെ നടപടിയില്‍ തുര്‍ക്കിഷ് ഫുട്ബോള്‍ ഫെഡറേഷനും അപലപിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കയറി പൊടുന്നനെ നടത്തിയ ആക്രമണത്തില്‍ 1140 പേര് കൊല്ലപ്പെട്ടിരുന്നു. 250-ഓളം പേരെ ബന്ദികളാക്കുകയും ചെയ്തു. 132 ബന്ദികള്‍ ഇപ്പോഴും ഗാസയിലുണ്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഇതേത്തുടര്‍ന്ന് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് കനത്ത പ്രത്യാക്രമണമുണ്ടായി. 100 ദിവസം പിന്നിടുമ്പോള്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 23,698 പേരാണ് പലസ്തീനില്‍ കൊല്ലപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു