പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി മുത്തുകുമാരനെ (24) തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽ നിന്ന് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.കൊടുംക്രിമിനലായ പ്രതിയെ വിരുതനഗർ ശ്രീവള്ളിനഗറിൽ നിന്നാണ് പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാറിന്റെയും സി.ഐ ജിബുജോർജിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇതോടെ അഞ്ച് പ്രതികളും പിടിയിലായി. മുത്തുകുമാരനുമായി സ്ഥലത്ത് ഇന്ന് തെളിവെടുപ്പ് നടത്തും.മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണി (73) കഴിഞ്ഞ 30ന് പട്ടാപ്പകലാണ് കടയ്ക്കുള്ളിൽ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം. ഒൻപത് പവന്റെ സ്വർണമാലയും കടയിൽ സൂക്ഷിച്ച 50000 രൂപയും അപഹരിച്ചു.
തമിഴ്നാട്ടുകാരും പ്രധാന പ്രതികളുമായ മുരുകൻ, സുബ്രഹ്മണ്യൻ, പത്തനംതിട്ട സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഹാരിബ് , പത്തനംതിട്ട സ്വദേശി നിയാസ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. നിർണായക തെളിവായ സി.സി.ടി.വി ഹാർഡ് ഡിസ്ക് കഴിഞ്ഞ ദിവസം അച്ചൻകോവിലാറ്റിൽ നിന്ന് കണ്ടെടുത്തിരുന്നു.