ഇ-മാലിന്യത്തെ ‘ഡിലീറ്റാ’ക്കാൻ ക്ലീൻ കേരള,ആദ്യം സർക്കാർ ഓഫീസുകളിൽ

തൃശൂർ: ഇലക്‌ട്രോണിക് ഉപകരണങ്ങൾ പരിസ്ഥിതിക്ക് ഗുരുതരമായി ദോഷം ചെയ്യുന്ന ഇ മാലിന്യമായി മാറുന്ന സാഹചര്യത്തിൽ, അവയെ അതിവേഗം നീക്കാൻ ക്ലീൻ  കേരള. ജില്ലയിലെ സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇ മാലിന്യവും പുനരുപയോഗ സാദ്ധ്യതയില്ലാത്ത മാലിന്യവും നീക്കം ചെയ്യാനുള്ള തീവ്രശ്രമം ആരംഭിച്ചു.

ഇത് ജില്ലാതല ആർ.ആർ.എഫിലെത്തിച്ച് തരം തിരിക്കും. അതിനുശേഷം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം നേടിയ ചെന്നൈ, ഗുജറാത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് കയറ്റി വിടും. അതേസമയം, കൂടുതൽ മാലിന്യം ശേഖരിക്കാൻ ക്‌ളീൻ കേരള കമ്പനി പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും നാല് ഭാഗങ്ങളാക്കി തിരിച്ച് സംഭരണ കേന്ദ്രങ്ങൾ ഒരുക്കുന്ന നടപടി വേഗത്തിലാക്കി.

തരംതിരിച്ച പാഴ് വസ്തുക്കളും പുനരുപയോഗ സാദ്ധ്യതയില്ലാത്ത പാഴ് വസ്തുക്കളും സർക്കാർ കലണ്ടർ അനുസരിച്ചിട്ടുള്ളതുമായ മാലിന്യമാണ് നീക്കുന്നത്. ഡിസംബറിൽ കുപ്പിച്ചില്ല് വ്യാപകമായി ശേഖരിച്ചിരുന്നു. ഇതെല്ലാം ജില്ലാതല ആർ.ആർ.എഫിലെത്തിച്ച് കമ്പനികൾക്ക് കൈമാറും.