ആഡംബര വാഹനങ്ങളിൽ മാത്രം പരിമിതപ്പെടുത്തിയിരുന്ന ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള എൻട്രി ലെവൽ കാറുകളിൽ കമ്പനികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഇപ്പോൾ ട്രെൻഡിംഗായി നിൽക്കുന്ന എസ്‌യുവികളിലും ഓട്ടോമാറ്റിക് തന്നെയാണ് ഹീറോ. ഈയൊരു ഫീച്ചറില്ലാതെ വാഹനങ്ങൾ പുറത്തിറക്കാൻ പല കമ്പനികളും ധൈര്യപ്പെടാറില്ല. പക്ഷേ സിട്രൺ എന്ന ഫ്രഞ്ച് വാഹന നിർമാതാക്കൾ മാത്രം എന്തുകൊണ്ടോ ഓട്ടോമാറ്റിക്കിനോട് ഇത്രയും കാലം അകലം പാലിക്കുകയായിരുന്നു.
ഇതിന്റെ ഫലം കമ്പനിയുടെ വിൽപ്പനയിൽ പ്രതിഫലിക്കാൻ തുടങ്ങിയതോടെ അടവ് മാറ്റിപ്പിടിക്കാൻ പോവുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ. ഹ്യുണ്ടായി ക്രെറ്റയും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ഏറെ കൊട്ടിഘോഷിച്ച് എത്തിയ C3 എയർക്രോസ് എന്ന മോഡലിലേക്ക് പുതിയ ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിക്കാൻ പോവുകയാണെന്ന് കമ്പനി ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ജനുവരി 29-ന് ഓട്ടോമാറ്റിക് ഗിയർബോക്‌സോടുകൂടിയ C3 എയർക്രോസ് പുറത്തിറക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനവും ഇപ്പോൾ എത്തിയതാണ് സന്തോഷകരമായ കാര്യം.
2023 ഏപ്രിലിൽ ആദ്യമായി അനാച്ഛാദനം ചെയ്ത മിഡ്-സൈസ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്ന സിട്രണിൽ നിന്നുള്ള ആദ്യത്തെ വാഹനമായിരിക്കും എന്ന കാര്യവും ശ്രദ്ധേയമാവും.
ജാപ്പനീസ് ട്രാൻസ്മിഷൻ നിർമാതാക്കളായ ഐസിനിൽ നിന്ന് ഉത്ഭവിച്ച ഇന്തോനേഷ്യയിലെ C3 എയർക്രോസിൽ സിട്രോൺ ഇതിനകം 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതേ യൂണിറ്റ് തന്നെയാവും ഇന്ത്യയിലും വരികയെന്നാണ് സൂചന. യൂറോപ്പിലുള്ള C3 ഹാച്ച്ബാക്കിൽ പോലും കമ്പനി ഈ ഐസിൻ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഉപയോഗിക്കുന്നത്.
പുതിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനുമായി ജോടിയാക്കും. സിട്രൺ C3 എയക്രോസിന്റെ പ്ലസ്, മാക്‌സ് വേരിയന്റുകളിലാവും ഇത് നൽകാൻ സാധ്യതയുള്ളത്.
സ്‌പെസിഫിക്കേഷനുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്തോനേഷ്യൻ പതിപ്പിൽ എസ്‌യുവിയിലെ എഞ്ചിൻ 190 bhp കരുത്തിൽ പരമാവധി 205 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
മാനുവൽ പതിപ്പിൽ നിന്ന് പവർ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും ടോർക്ക് 15 Nm കൂടുതലാണ്. ഗിയർബോക്‌സിൽ മാനുവൽ മോഡും ഇടംപിടിക്കുന്നുണ്ടെങ്കിലും പാഡിൽഷിഫ്റ്ററുകൾ ലഭിക്കുന്നില്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം.
പക്ഷേ പഞ്ചി എഞ്ചിനും അതിശയകരമായ റൈഡ് നിലവാരവുമുള്ള വളരെ ശക്തമായ മെക്കാനിക്കൽ പാക്കേജാണ് C3 എയർക്രോസിന്റെ പ്രധാന ഹൈലൈറ്റ്. അങ്ങനെ നോക്കുമ്പോൾ ക്ലച്ച്ലെസ് മോഡലിന്റെ വരവ് കൂടുതൽ കരുത്താവും.
എസ്‌യുവിക്ക് 18.5 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഇപ്പോൾ സിട്രൺ അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക്കിന് ഇതിൽ കൂടുതൽ നൽകാനായേക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ 9.99 ലക്ഷം രൂപ മുതൽ 12.34 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വിലയുള്ള നിലവിലുള്ള ബാച്ച് വേരിയന്റുകളേക്കാൾ പ്രീമിയത്തിൽ C3 എയർക്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റുകൾ ബ്രാൻഡ് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
എങ്കിലും ക്ലച്ച്ലെസ് പതിപ്പു വരുന്നതോടെ വാഹനത്തിന് കൂടുതൽ ജനകീയനാവാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതേ എഞ്ചിൻ ഓപ്ഷൻ നിലനിർത്തിക്കൊണ്ട് എസ്‌യുവി പുതിയ കണക്റ്റിവിറ്റി സവിശേഷതകളും കൊണ്ടുവരുമെന്നാണ് അഭ്യൂഹങ്ങൾ. രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഏറെ പുതുമകളുമായാണ് C3 എയർക്രോസ് കടന്നുവന്നത്. 5 സീറ്റർ, 7 സീറ്റർ ഓപ്ഷനുകളിലെത്തുന്ന വിഭാഗത്തിലെ ആദ്യത്തെ മോഡലായിരുന്നു ഇത്.
7.0 ഇഞ്ച് ടിഎഫ്ടി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പിൻ എസി വെന്റുകൾ എന്നീ മോഡേൺ ഫീച്ചറുകളുടെ അകമ്പടിയും സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ഭംഗിയേകിയിരുന്നു.
പുറമെ കൂടുതൽ ശ്രദ്ധനേടാൻ എയർക്രോസിൽ മൈസിട്രൺ (MyCitroën) കണക്റ്റിന്റെ ഭാഗമായി കൂടുതൽ കണക്റ്റഡ് കാർ ഫീച്ചറുകൾ സിട്രൺ വാഗ്ദാനം ചെയ്‌താൽ നന്നായിരിക്കും.
സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ C3 എയർക്രോസിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ വ്യൂ ക്യാമറ എന്നിവയുമായാണ് വരുന്നത്. ഡ്യുവൽ എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കുകൾ, സീറ്റ്ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ വാഹനത്തിൽ സ്റ്റാൻഡേർഡായി തന്നെയാണ് ഒരുക്കിയിട്ടുള്ളത്.