പേടിഎം, സെസ്റ്റ് മണി പോലുള്ള ഫിന്‍ടെക് കമ്പനികള്‍ തൊഴിലാളികളെ വെട്ടിക്കുറച്ച് നിലനില്‍പ്പിനായി പോരാടുന്നു. ഈ മേഖലയില്‍ നൂറുകണക്കിന് പേര്‍ക്കുണ്ടായ തൊഴില്‍ നഷ്ടം ഫിന്‍ടെക് കമ്പനികളുടെ വളര്‍ച്ചയേയും സ്ഥിരതയേയും കുറിച്ച് ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.
300 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള പേടിഎമ്മാണ് വിവിധ വകുപ്പുകളിലെ തൊഴിലാളികളെ വെട്ടിക്കുറച്ച് പുനഃസംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് 6 ബില്ല്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യം കണക്കാക്കിയിരുന്ന കമ്പനി കൂടിയാണിത്.
ഫോണ്‍പേ, ഗൂഗിള്‍ പേ പോലുള്ള എതിരാളികളില്‍ നിന്നുമുള്ള കടുത്ത മത്സരമാണ് ഇത്തരമൊരു നീക്കത്തിന് പേടിഎമ്മിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
ബൈ നൗ, പേ ലേറ്റര്‍ (BNPL) പ്ലാറ്റ്‌ഫോമായ സെസ്റ്റ്മണിയും തൊഴിലാളികളെ വെട്ടിക്കുറക്കുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഉപയോക്കാക്കള്‍ക്ക് വായ്പ നല്‍കുന്ന ഈ മുന്‍നിര സ്റ്റാര്‍ട്ടപ്പ് കമ്പനി ഏകദേശം 10% ജീവനക്കാരെ കുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പേടിഎം ഏകദേശം 6,000 ജീവനക്കാരെയും സെസ്റ്റ്മണി ഏകദേശം 2,000 ജീവനക്കാരെയുമാണ് ഒഴിവാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഏറെ വളര്‍ച്ച നേടിയ BNPL കമ്പനികള്‍ കടുത്ത നിയന്ത്രണങ്ങളും പരിശോധനകളും മൂലമാണ് പ്രതിസന്ധിയിലേക്ക് കടന്നത്.
പേയ്ടിഎമിൽ പിരിച്ചുവിടൽ
ഓരോ ഫിന്‍ടെക് കമ്പനിക്കും തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതിന് വ്യത്യസ്തമായ കാരണങ്ങള്‍ പറയാനുണ്ടെങ്കിലും പണപ്പെരുപ്പവും ഉയര്‍ന്ന പലിശനിരക്കുകളുമാണ് വിനയായിരിക്കുന്നത്. ഇത് ഉപഭോക്തൃ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം വായ്പയെടുക്കല്‍ കുറയ്ക്കുകയും ചെയ്യുന്നു. ഈ പ്രവണത സജീവമായതോടെ, ഫിന്‍ടെക് കമ്പനികള്‍ വായ്പകള്‍ നല്‍കുന്നതിലെ വളര്‍ച്ച മന്ദഗതിയിലാക്കി.
കൊറോണയുടെ കാലഘട്ടം ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുടെ സുവര്‍ണകാലം തന്നെയായിരുന്നു. ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് തരംഗം സൃഷ്ടിക്കാനായെങ്കിലും തുടക്കത്തിലുണ്ടായ മുന്നേറ്റം നിലനിര്‍ത്താനായില്ല.
BNPL പോലുള്ള മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ ചെറുകിട ഫിന്‍ടെക് കമ്പനികള്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.
ഭാവി തോൽവിയിലേക്കോ?
ഇപ്പോഴത്തെ സ്ഥിതി ഫിന്‍ടെക് മേഖലയുടെ ഭാവിയ്ക്ക് അനിശ്ചിതത്വം കൊണ്ടുവരുന്നത് തന്നെയാണ്. വെല്ലുവിളികള്‍ അവസരങ്ങളാക്കുന്ന മുന്‍നിര കമ്പനികള്‍ക്ക് സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞേക്കാം. അതുകൊണ്ടു തന്നെ രാജ്യത്തെ ഫിന്‍ടെക് മേഖലയുടെ പ്രവര്‍ത്തനം വരും മാസങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടതുമാണ്.