ഖത്തർ:പ്രവാസികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി എക്സ്പാറ്റ്സ് സ്പോർട്ടീവ് നടത്തി വരുന്ന കിംസ് ഹെൽത്ത് വെയ്റ്റ് ലോസ് ചാലഞ്ചിന്റെ മൂന്നാമത് എഡിഷന് തുടക്കമായി. മെഷാഫ് കിംസ് ഹെല്‍ത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന് എക്സ്പാറ്റ്സ് സ്പോർട്ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂറിന് രജിസ്ട്രേഷന് കാര്‍ഡ് കൈമാറി ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തെറ്റായ ഭക്ഷണ ക്രമത്താല്‍ ജീവിത ശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ആരോഗ്യ കാര്യത്തില്‍ സ്വയം ശ്രദ്ധ പുലര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഇത്തരം സംരഭങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മത്സരത്തില്‍ വിജയിക്കുക എന്നതിലുപരി ഇതിലൂടെ ഒരു പുതിയ ജീവിത രീതി രൂപപ്പെടുത്തിയെടുക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ചന്ദ്രമോഹൻ കിംസ് ഹെല്‍ത്ത് അഡ്മിനിസ്ട്രേറ്റര്‍ ഡോ. രാഹുല്‍ മുനികൃഷ്ണ, കിംസ് ഹെല്‍ത്ത് മാര്‍ക്കറ്റിംഗ് മാനേജര്‍ ഇഖ്റ മസാഹിര്‍, പുഷ് അപ്പിലെ ലോക റെക്കോര്‍ഡ് ജേതാവ് ഷഫീഖ് മുഹമ്മദ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി പരിപാടി നിയന്ത്രിച്ചു.
എക്സ്പാറ്റ്സ് സ്പോർട്ടീവ് ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, ട്രഷറര്‍ റഹ്മത്തുല്ല കൊണ്ടോട്ടി, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അസീം എം.ടി, സംഘാടക സമിതിയംഗങ്ങളായ ഫായിസ് തലശ്ശേരി, അബ്ദുറഹീം വേങ്ങേരി, താസീന്‍ അമീന്, നജ്ല നജീബ്, സക്കീന അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.
മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പ്രാഥമിക ഭാര പരിശോധനയും നടന്നു. മത്സരാര്‍ത്ഥികള്‍ക്കായി ബ്ലഡ് ഷുഗര്‍, ദന്ത പരിശോധനാ സൗകര്യവും ഡയറ്റീഷ്യന്റെ സേവനവും ഒരുക്കിയിരുന്നു. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മത്സരത്തിൽ മികച്ച പ്രൊഫെഷണലുകളുടെ നേതൃത്വത്തിലുള്ള ട്രെയിനിംഗ് പരിപാടികളും വിജയിക്കുന്നവർക്ക് സ്വര്‍ണ്ണ നാണയങ്ങളുള്പ്പടെയുള്ള സമ്മാനങ്ങളും നല്‍കും.