പത്തനംതിട്ട: റാന്നി – കോഴഞ്ചേരി റോഡിൽ പുതമൺ താത്കാലിക പാലം തുറന്നു. ഇതോടെ കഴിഞ്ഞ ഒരു വർഷക്കാലമായി ശബരിമല പാതയിൽ നേരിടുന്ന യാത്രാ ക്ലേശത്തിന് താത്കാലിക പരിഹാരമായേക്കും. ഏഴര മാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പുതമൺ പാലത്തോട് ചേര്‍ന്ന് താത്കാലിക പാത നിർമിക്കുന്നതിനുള്ള നടപടി ആരംഭിച്ചത്.
തകർന്ന പാലത്തിന് സമാന്തരമായാണ് പുതിയ സംവിധാനം.ചെറുകോലിൽ പെരുന്തോടിനു കുറുകെ ഒരു മീറ്റർ വ്യാസമുള്ള നാല് പൈപ്പുകൾ സ്ഥാപിച്ചാണ് പാത നിർമിച്ചത്.
ചപ്പാത്ത് മാതൃകയിലാണ് പാത. തോട്ടിൽ 12 മീറ്ററും ഇരുകരകളിലും 60 മീറ്ററോളവും നീളം പാതയ്ക്കുണ്ട്. മൂന്ന് മീറ്ററാണ് വീതി. ഒരു സമയം ഒരു വശത്തേക്ക് മാത്രമേ ഗതാഗതം സാധ്യമാകൂ.ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിടും. എന്നാൽ, അമിത ഭാരം കയറ്റി വരുന്ന ചരക്കുവാഹനങ്ങൾ കടത്തിവിടില്ല.അവ ചെറുകോൽപുഴ റോഡിലൂടെ തന്നെ തുടർന്നും യാത്ര നടത്തണം. റാന്നിയിൽനിന്ന് കോഴഞ്ചേരിക്ക് പോകുമ്പോൾ പുതമൺ പാലത്തിന്‍റെ ഇടതുവശത്തായിട്ടാണ് പാത നിർമിച്ചിരിക്കുന്നത്.