ചെങ്ങന്നൂർ:ചെങ്ങന്നൂർ ലയൺസ് ക്ലബ്ബിന്റെയും ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നടന്ന ഭിന്നശേഷിവിദ്യാർഥികളുടെ കലാകായിക മത്സരങ്ങൾ ‘അറോറ-2024’ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു.
ലയൺസ് ഡിസ്ട്രിക്ട് 318 ബി.യുടെ വാർഷികപദ്ധതികളിൽ ഉൾപ്പെട്ട ഭിന്നശേഷി കലോത്സവത്തിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 38 സ്കൂളുകളിൽനിന്ന് 1,112 വിദ്യാർഥികൾ പങ്കെടുത്തു. സമാപനസമ്മേളനം ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു.
ഒന്നാംസ്ഥാനം ചെത്തിപ്പുഴ മേഴ്‌സി ഹോമും രണ്ടാംസ്ഥാനം തിരുവല്ല സി.എസ്.ഐ. വി.എച്ച്.എസ്.എസ്. സ്കൂൾ ഫോർ ദ ഡെഫും മൂന്നാംസ്ഥാനം കോട്ടയം അന്തിനാട് ശാന്തിനിലയം സ്പെഷ്യൽ സ്കൂളും നേടി.
അറോറ ഡിസ്ട്രിക്ട് ചെയർപേഴ്‌സൺ കെ.ആർ. സദാശിവൻ നായർ, കൺവീനർ സജി സാമുവൽ, ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ ബേബി, രാജൻ ഡാനിയേൽ, സി.പി. ജയകുമാർ, ബിനു ജോർജ്, ജി. വേണുകുമാർ, ആർ. വെങ്കിടാചലം, വിന്നി ഫിലിപ്പ്, മാർട്ടിൻ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു