കരുനാഗപ്പള്ളി:ദേശീയപാതയുടെ ആറുവരി പാത നിർമാണവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി ടൗണിലെ ഫ്ലൈ ഓവർ നിർമാണത്തിന്റെ ഭാഗമായി പൈലിങ് ആരംഭിച്ചു.പൈലിങ് പുരോഗതി വിലയിരുത്താൻ സി.ആർ.മഹേഷ് എംഎൽഎയും നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവും സ്ഥലം സന്ദർശിച്ചു.
അതിനിടെ കരുനാഗപ്പള്ളി ടൗണിലെ ഫ്ലൈ ഓവർ നിർമാണത്തിന്റെ ഭാഗമായി ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ പ്രോജക്ട് അസി.ജനറൽ മാനേജർ അസി.പൊലീസ് കമ്മിഷണർക്ക് കത്ത് നൽകി.ഫ്ലൈഓവർ നിർമാണത്തിന്റെ കുടുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി ടൗണിൽ റോഡിന്റെ പടിഞ്ഞാറു ഭാഗം പൂർണമായി അടച്ച് ഗതാഗതം, പൂർണമായി റോഡിന്റെ കിഴക്കു ഭാഗത്തു കൂടി തിരിച്ചു വിടുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിന് കത്ത് നൽകിയത്.ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന മുറയ്ക്ക് പൈലിങ് ജോലി ഉൾപ്പെടെയുള്ള ഫ്ലൈ ഓവർ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കും.