കൊച്ചി: ദുരന്തത്തിൽ പരുക്കേറ്റവർക്ക് അവശ്യ വസ്തുക്കൾ എത്തിച്ച് ഡൊണേറ്റ്കാർട്ട്, സ്വസ്തി ഹെൽത്ത് ക്യാറ്റലിസ്റ്റ് സന്നദ്ധ സംഘടനകളുടെ സംയുക്ത സംരംഭം. ബാലസോർ ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റ നൂറുകണക്കിനുപേർക്കാണ് ഈ സംയുക്ത സംരംഭം സഹായമെത്തിച്ചത്.
48 മണിക്കൂറിനുള്ളിൽ, 6,000-ത്തിലധികം ഭക്ഷണപ്പൊതികൾ, 4,500 കുപ്പി വെള്ളം, 775 ലിറ്റർ പാൽ, 4,350 പഴ പാക്കറ്റും വിതരണം ചെയ്തു. കൂടാതെ ടാർപോളിൻ, സോപ്പ്, സാനിറ്ററി പാഡുകൾ, കൊതുക് വലകൾ, ബക്കറ്റുകൾ, ഡെന്റൽ കിറ്റുകൾ എന്നിവ ഉൾപ്പെട്ട 500 ഷെൽട്ടർ കിറ്റുകളും ലഭ്യമാക്കി.
ദുരന്തങ്ങളെത്തുടർന്നു ദുർബലമാകുന്ന സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ ഞങ്ങൾ സ്വസ്തി ഹെൽത്ത് ക്യാറ്റലിസ്റ്റ് പ്രതിജ്ഞാബദ്ധമാണെന്ന് നാഷണൽ സോഷ്യൽ പ്രൊട്ടക്ഷൻ കോ-ഓർഡിനേറ്റർ ഭൂപതി പണ്ഡരിനാഥൻ പറഞ്ഞു.
ആവശ്യവസ്തുക്കൾ കൃത്യസമയത്ത് എത്തിച്ച് ദുരന്തബാധിതർക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമിടുന്നതെന്നു ഡൊണേറ്റ്കാർട്ട് സിഇഒയും സഹസ്ഥാപകനുമായ സാരംഗ് ബോബാഡെ പ്രതികരിച്ചു. വൈദ്യ – വിദ്യാഭ്യാസ സഹായങ്ങളും സംയുക്ത സംരംഭം മുഖേന ലഭ്യമാക്കുന്നുണ്ട്.