ശാന്തൻപാറ:രണ്ടു പതിറ്റാണ്ടിനു ശേഷം ശാന്തൻപാറയിലെ ബസ് സ്റ്റാൻഡിനു ശാപമോക്ഷം.ബസ് സ്റ്റാൻഡ് പ്രവർത്തനമാരംഭിക്കാൻ ശാന്തൻപാറ പഞ്ചായത്തും മോട്ടർവാഹന വകുപ്പും നടപടി സ്വീകരിച്ചു.16 ന് ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം എം.എം.മണി എംഎൽഎ നിർവഹിക്കും.
രണ്ടായിരത്തിലാണ് ശാന്തൻപാറയിൽ ബസ് സ്റ്റാൻഡിനായി ദേവികുളം–കുമളി സംസ്ഥാന പാതയിൽ ശാന്തൻപാറ ടൗണിൽ നിന്നും 400 മീറ്റർ അകലെ സ്ഥലമേറ്റെടുത്തു നിർമാണം ആരംഭിച്ചത്.കെ.ഫ്രാൻസിസ് ജോർജ്,പി.ടി.തോമസ് എന്നിവർ എംപിമാരായിരുന്നപ്പോൾ അനുവദിച്ച ഫണ്ടും പഞ്ചായത്തിന്റെ വികസന ഫണ്ടും ഉൾപ്പെടെ 60 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും നിർമിച്ചു.
കെട്ടിടങ്ങളെല്ലാം സജ്ജമായിട്ടും വൈദ്യുത കണക്ഷൻ ലഭിക്കാത്തതിനാൽ 2 വർഷത്തോളം ബസ് സ്റ്റാൻഡ് ഉപയോഗ ശൂന്യമായി കിടന്നു.ഗതാഗത വകുപ്പിന്റെ അനുമതി ലഭിക്കാത്തതും ബസ് സ്റ്റാൻഡ് പ്രവർത്തനമാരംഭിക്കുന്നതിന് തടസ്സമായി.പഞ്ചായത്തിലെ മുൻ ഭരണ സമിതിയുടെ ആവശ്യപ്രകാരം മോട്ടർ വാഹന വകുപ്പ് അധികൃതർ ബസ് സ്റ്റാൻഡിൽ പരിശോധന നടത്തി.