തൃശൂർ:രാവും പകലും വീശിയടിക്കുന്ന വൃശ്ചികക്കാറ്റിൽ വിറച്ച് തൃശൂർ ജില്ല. വൃശ്ചികക്കാറ്റെന്നാണു പേരെങ്കിലും ധനുമാസമെത്തിയിട്ടും കാറ്റിന്റെ ശക്തിക്കു കുറവില്ല. മണിക്കൂറിൽ 30 കിലോമീറ്ററിലേറെ വേഗത്തിൽ രാവും പകലും തുടർച്ചയായി കാറ്റു വീശുന്നു. ഫെബ്രുവരി വരെ ഇതേ നില തുടർന്നേക്കുമെന്നാണു കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. ബംഗാൾ ഉൾക്കടലിൽ നിന്നാരംഭിച്ചു തമിഴ്നാട് കടന്ന്, പാലക്കാട് ചുരത്തിലൂടെ കുതിരാൻ മല കയറി ജില്ലയുടെ ഹൃദയത്തിലൂടെ അറബിക്കടലിലേക്കാണ് ഈ വടക്കു–കിഴക്കൻ കരക്കാറ്റിന്റെ പ്രയാണം.
തമിഴ്നാട്ടിൽ ശക്തമായി കാറ്റ് അനുഭവപ്പെടാറില്ല. എന്നാൽ തമിഴ്നാട്ടിലെ വലിയ പ്രദേശങ്ങളിൽ നിന്നു കേരളത്തിലെ ചെറിയ ചുരങ്ങൾ കടന്നെത്തുമ്പോൾ കാറ്റിന്റെ ശക്തി കൂടും. മഴയ്ക്കുള്ള കാരണമോ, മറ്റു പ്രതിഭാസമോ ഇതിനില്ലെന്നും സാധാരണ വൃശ്ചികത്തിൽ ലഭിച്ചിരുന്ന കാറ്റ് കാലാവസ്ഥ വ്യത്യാസം കാരണം വൈകുന്നതാണെന്നും വരും ദിവസങ്ങളിൽ കാറ്റിന്റെ ശക്തി കുറയുമെന്നും കാലാവസ്ഥ വിദഗ്ധനും നിരീക്ഷകനുമായ എസ്.കെ. ശരത് പറഞ്ഞു.