അൽഹസ:ഇന്ത്യൻ നാഷണൽ യൂത്ത് കോൺഗ്രസ് കേരള സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അകാരണമായി ഭീകരവാദിയെ പോലെ അതിരാവിലെ വീടു വളഞ്ഞ് അമ്മയുടെയും സഹോദരങ്ങളുടെയും മുന്നിൽ വെച്ച് അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് കൊണ്ടുപോവുകയും ജയിലിലടക്കുകയും ചെയ്തതിനെതിരെ ഒ.ഐ.സി.സി അൽഹസ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.പോലീസ് നടപടിയിൽ യോഗം ശക്തമായി അപലപിച്ചു.
കേരളത്തിന്റെ ഖജനാവിൽ നിന്നും കോടികൾ ധൂർത്തടിച്ചു കൊണ്ട് നാടിനോ നാട്ടാർക്കോ ഒരു പ്രയോജനവുമില്ലാതെ ആഡംബര ധൂർത്ത് യാത്ര നടത്തിയതിനെതിരെ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി നടന്ന സെക്രട്ടറിയേറ്റ് മാർച്ചിന് നേതൃത്വം നൽകിയതിന്റെ പേരിലാണ് മൂന്നാഴ്ച കഴിഞ്ഞ് ഇങ്ങനെ ഒരു അറസ്റ്റ് നാടകമെന്നത് തന്നെ ഗൂഢാലോചനയുടെ ഭാഗമാണ്.പിണറായി വിജയന്റെ കിരാത ഭരണത്തിനെതിരെ പ്രതികരിക്കുന്നവരെ ഏത് വിധേനയും ഇല്ലായ്മ ചെയ്യുക എന്ന ഗൂഢമായ അജണ്ടയുടെ ഭാഗമാണ് ഇതെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് പറഞ്ഞു.
അൽഹസ ഒ.ഐ.സി.സി സനയ്യയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാനിബ്.പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിജ്ഞയുമെടുത്തു. കേരളത്തിലെ ഇടത് ദുർഭരണത്തിലും, പിണറായി വിജയന്റെ ധാർഷ്ട്യം നിറഞ്ഞ പകപോക്കൽ രാഷ്ട്രീയത്തിലും പ്രതിഷേധിച്ച് നവോദയ സനയ്യ ഏരിയ മുൻ സെക്രട്ടറി പ്രദീപ്കുമാർ ശാസ്താംകോട്ട, മെമ്പർ ടി.കെ വിജയൻ ഇരിഞ്ഞാലക്കുട എന്നിവർ സി.പി.എം അനുകൂല പ്രവാസ സംഘടനയായ നവോദയയിൽ നിന്നും രാജിവെച്ച് ഒ.ഐ.സി.സിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.
രണ്ട് പേരിൽ നിന്നുമുള്ള മെമ്പർഷിപ്പിനുള്ള അപേക്ഷകൾ അൽഹസ ഒ.ഐ.സി.സി നേതാക്കളുടെ സാന്നിധ്യത്തിൽ എ.കെ ഷാനിബ് സ്വീകരിച്ചു.അൽഹസ ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് റഫീഖ് വയനാടിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ഉമർ കോട്ടയിൽ, ശാഫി കുദിർ, ലിജു വർഗീസ്, നൗഷാദ് കെ.പി, പ്രദീപ്കുമാർ ശാസ്താംകോട്ട എന്നിവർ പ്രസംഗിച്ചു.
സെബാസ്റ്റ്യൻ വി.പി സ്വാഗതവും, മുരളീധരൻ പിള്ള ചെങ്ങന്നൂർ നന്ദിയും പറഞ്ഞു. മൊയ്തു അടാടിയിൽ, അഖിലേഷ് ബാബു തേഞ്ഞിപ്പലം, ജോയൽ ജോമോൻ, മുബാറക് സനയ്യ, മൻസൂർ നച്ചിലത്തൊടി, അമേഖ് പടിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.