ദമാം- കോവിഡ് കാലത്ത് വിടപറഞ്ഞ് പ്രവാസമണ്ണിൽ മറവു ചെയ്യപ്പെട്ട ആത്മസുഹൃത്തിന്റെ ഖബറിടം തേടി നാട്ടിൽ നിന്നും അവരെത്തി, പാറപ്പുറം ഇണ്ണിയും പുലാശ്ശേരി മുത്തുവും. ഹ്രസ്വ സന്ദർശനാർഥം ദമാമിലെത്തിയ കൊണ്ടോട്ടിയിലെ രാഷ്ട്രീയ കലാ കായിക സാംസ്‌കാരിക ബിസിനസ് രംഗത്തെ നിറസാന്നിധ്യങ്ങളായ പാറപ്പുറം ഇണ്ണിക്കും പുലാശ്ശേരി മുത്തുവിനും കൊണ്ടോട്ടിയൻസ് അറ്റ് ദമാം കമ്മിറ്റി സ്വീകരണം നൽകി.
പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ ദമാം റോയൽ മലബാർ ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അഷ്‌റഫ് തുറക്കൽ സ്വാഗതമാശംസിച്ചു. കൊണ്ടോട്ടി നഗരസഭാ കൗൺസിൽ, സംസ്ഥാന ഹജ് കമ്മിറ്റി, മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി, സി.പി.എം, സി.ഐ.ടി.യു തുടങ്ങിയ വിവിധ തലങ്ങളിലുള്ള ഇരുവരുടെയും പ്രവർത്തന പരിചയവും വ്യാപിച്ചു കിടക്കുന്ന ബന്ധങ്ങളും സൗഹൃദ വലയവും സൗദി കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടിയൻ പ്രവാസികൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന് ആലിക്കുട്ടി ഒളവട്ടൂർ പ്രത്യാശ പ്രകടിപ്പിച്ചു.
സിദ്ധീഖ് ആനപ്ര, റിയാസ് മരക്കാട്ടുതൊടിക, ആസിഫ് മേലങ്ങാടി, സൈനുദ്ധീൻ വലിയപറമ്പ്, ജുസൈർ കൊണ്ടോട്ടി, ശറഫുദ്ധീൻ വലിയപറമ്പ്, ജലീൽ കൂട്ടാലുങ്ങൽ, ഫൈസൽ കൊണ്ടോട്ടി, നിയാസ് ബിനു തുടങ്ങിയവർ സംസാരിച്ചു.
സ്വീകരണത്തിന് നന്ദി അറിയിച്ചതോടൊപ്പം കൊണ്ടോട്ടി മേഖലയിലെ കലാ, സാംസ്‌കാരിക, കായിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൊണ്ടോട്ടിയൻസ് അറ്റ് ദമാമിനെ അടയാളപ്പെടുത്താൻ തങ്ങളാലാവുന്ന എല്ലാവിധ പ്രവർത്തനങ്ങളും സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് ഇണ്ണിയും മുത്തുവും അറിയിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി വി.പി ഷമീർ മേലങ്ങാടി നന്ദി പറഞ്ഞു.