ആലപ്പുഴ: തകഴി കിഴക്കേ കരുമാടിയിലെ രാമചന്ദ്രന് കൈമളിന്റെ ചായക്കടയില്‍ എത്തിയവര്‍ക്ക് കൗതുകമായി ആരോഗ്യവകുപ്പിന്റെ പീടികത്തിണ്ണയില്‍…കുശലം പറയാം, കുറച്ച് കാര്യവും ബോധവല്‍ക്കരണ ക്യാമ്പയിന്. പീടിക തിണ്ണയിലെ നാലു മണി നേരത്തെ പതിവ് കുശലം പറച്ചിലിലാണ് ആരോഗ്യവും രോഗപ്രതിരോധ ശീലങ്ങളും ചര്‍ച്ചയായത്.
തകഴിയുടെ മണ്ണില്‍ ചെമ്മീനിലെ പരീക്കുട്ടി, കറുത്തമ്മ തുടങ്ങി കഥാപാത്രങ്ങളായാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍ ചായക്കടയിലെത്തിയത്. ആരോഗ്യ സന്ദേശങ്ങള്‍ സരസവും ലളിതവുമായി ജനമനസ്സുകളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
പാടശേഖരങ്ങളും കൃഷി സ്ഥലങ്ങളും കൂടുതലുള്ള പ്രദേശമായതിനാല്‍ എലിപ്പനിയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ചുമയുള്ളവര്‍ കഫ പരിശോധനയ്ക്ക് വിധേയമാകേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തു.
തകഴി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീതിയും ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജി. രജനിയും ചര്‍ച്ചയില്‍ പങ്കാളികളായി. വാര്‍ഡ് മെമ്പര്‍ മഞ്ജു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജയചന്ദ്രന്, ഡെപ്യൂട്ടി എജുക്കേഷന്‍ മീഡിയ ഓഫീസര്‍ ഐ. ചിത്ര, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിജി മോന് തുടങ്ങിയവര്‍ പങ്കെടുത്തു.