ഹേഗ്: സൈനികര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കുള്ള ശിക്ഷ ഇസ്രായേലി കോടതികള്‍ വിധിക്കുമെന്ന് അന്താരാഷ്ട്ര കോടതിയില്‍ ഇസ്രായേല്‍. തീവ്ര വലതുപക്ഷ മന്ത്രിമാരുടെ പ്രസ്താവന സര്‍ക്കാര്‍ നയമല്ലെന്നും ഇസ്രായേല്‍ കോടതിയില്‍ വിശദീകരിച്ചു.
തങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് തന്നെയാണ് ഇസ്രായേല്‍ ഇന്നും കോടതിയില്‍ ആവര്‍ത്തിച്ചത്. ഇസ്രായേലി വിദേശകാര്യ മന്ത്രാലയത്തിലെ നിയമവിദഗ്ധൻ ടാല് ബെക്കറായിരുന്നു ഇസ്രായേലിന് വേണ്ടി ആദ്യം ഹാജരായ അഭിഭാഷകൻ.
തങ്ങള്‍ക്കെതിരെ വാദമുന്നയിച്ച ദക്ഷിണാഫ്രിക്ക, ഒക്ടോബര്‍ ഏഴിലെ ആക്രമണം കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അവര്‍ ഹമാസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും ബെക്കര്‍ ആരോപിച്ചു. തങ്ങളുടെ സാധാരണക്കാരെ സംരക്ഷിക്കാൻ ഹമാസിനായില്ലെന്നും ഫലസ്തീനികള്ക്കെതിരെയല്ല, ഹമാസിനെതിരെയാണ് ഇസ്രായേലിന്റെ യുദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര നിയമത്തില്‍ പ്രൊഫസറായ ബ്രിട്ടീഷ് നിയമവിദഗ്ധൻ മാല്‍കം ഷാ ആണ് പിന്നീട് ഇസ്രായേലിന് വേണ്ടി ഹാജരായത്. ഇസ്രായേലിനോട് വിരോധമുള്ളത് പോലെയാണ് ദക്ഷിണാഫ്രിക്ക വിഷയത്തില്‍ ഇടപെടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യ അല്ലെന്നും അദ്ദേഹം വാദിച്ചു. ആക്രമണങ്ങളെ കുറിച്ച് ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കാറുണ്ടെന്നായിരുന്നു ഇതിന് അദ്ദേഹം നല്കിയ വിശദീകരണം.
ഗസ്സയിലെ മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ ഹമാസ് ആണെന്നും ഇസ്രായേല്‍ ആശുപത്രികള്‍ക്ക് നേരെ ബോംബ് ഇട്ടിട്ടില്ലെന്നുമായിരുന്നു നിയമവിദഗ്ധ ഗലിത് റാഗ്വാന്റെ വാദം. ഗസ്സയിലേക്ക് അവശ്യവസ്തുക്കളെത്തിക്കാൻ മുൻകൈയ്യെടുത്തതും നടപടികള്‍ സുഗമമാക്കിയതും ഇസ്രായേല്‍ ആണെന്ന് ക്രിസ്റ്റഫര്‍ സ്റ്റേക്കറും വാദിച്ചു.
അഞ്ചാമതായെത്തിയ, ഇസ്രായേലിന്റെ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ഗിലാദ് നോഅം, ഹമാസ് തീവ്രവാദസംഘടനയാണെന്നും വലിയ രീതിയിലുള്ള തീവ്രവാദപ്രവര്‍ത്തനമാണ് അവര്‍ നടത്തിയതെന്നും ആഞ്ഞടിച്ചു. ഗിലാദിന്റെ വാദത്തോടെ ലോകകോടതിയില്‍ ഇസ്രായേല്‍ വാദം പൂര്‍ത്തിയാക്കി.
ഗസ്സയില്‍ നടക്കുന്ന ആക്രമണങ്ങള്‍ സര്‍ക്കാരിന്റെ നയമല്ല എന്ന ഇസ്രായേലിന്റെ വാദം ലോകകോടതി എത്രത്തോളം മുഖവിലയ്ക്ക് എടുക്കുമെന്ന് വ്യക്തമല്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിഷയത്തില്‍ ലോകകോടതി തീര്‍പ്പു കല്‍പ്പിക്കുമെന്നാണ് പ്രതീക്ഷ.