കൊച്ചി : ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നാല് ദിവസം നീണ്ടുനിൽക്കുന്ന ആസ്റ്റർ മെഡ്സിറ്റിയുടെ ട്രോമാക്സ് 2024 പ്രചാരണ പരിപാടിക്ക് തുടക്കമായി. അസോസിയേഷൻ ഓഫ് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻസിന്റെ കേരളത്തിലെ ശാഖയും ആസ്റ്റർ മെഡ്സിറ്റിയിലെ ക്രാനിയോമാക്സിലോഫേഷ്യൽ സർജറി വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 11 ന് തുടങ്ങിയ പരിപാടി 14 ന് സമാപിക്കും.
അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ് ആസ്റ്റർ മെഡ്സിറ്റിയിലെത്തുന്നവർക്കായി നിലവിലുള്ള സമഗ്രപരിചരണപദ്ധതി വിപുലീകരിക്കുന്നതിനായാണ് ട്രോമാക്സ് 2024 നടപ്പിലാക്കുന്നത്. ട്രോമ കെയർ വിഭാഗത്തിന്റെ പ്രവർത്തനരീതികൾ വിശദമായി അവലോകനം ചെയ്യുന്ന തത്സമയ പ്രദർശനവും വിഡിയോ പ്രസന്റേഷനും പരിപാടിയുടെ ഭാഗമായി നടക്കും. വിവിധതരം ക്ഷതങ്ങളെയും ഒടിവുകളെയും കുറിച്ചും അവയ്ക്കുള്ള ഫലപ്രദമായ ചികിത്സാമാർഗങ്ങളും ചർച്ചയാകും.
പ്രായമായവരിലും കുട്ടികളിലും ഉണ്ടാകുന്ന ക്ഷതങ്ങളെ കൈകാര്യം ചെയ്യുന്നതിനായി ചെറുഗ്രൂപ്പുകളായി തിരിഞ്ഞുള്ള വിശദമായ ചർച്ചകൾക്കും ട്രോമാക്സ് 2024 വേദിയാകും. അപകടങ്ങളെ തുടർന്നുണ്ടാകുന്ന രൂപമാറ്റങ്ങൾ, അംഗവൈകല്യങ്ങൾ എന്നിവയും പ്രധാന വിഷയങ്ങളാണ്. താടിയെല്ലിനേൽക്കുന്ന ക്ഷതങ്ങൾ ഭേദമാക്കാൻ വിർച്വൽ ആയി ശസ്ത്രക്രിയകൾ പ്ലാൻ ചെയ്യേണ്ടതെങ്ങനെ എന്ന ചർച്ചയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഇതിനായി ത്രിമാന മോഡലുകളെ ഉപയോഗിച്ച് തത്സമയ വിവരണവും പരിശീലനവും നൽകും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് അടിയന്തര ഘട്ടങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യമുണ്ടാക്കിയെടുക്കാനും പുതിയ ചികിത്സാരീതികളും അറിവുകളും സ്വായത്തമാക്കാനും ഇവ സഹായിക്കും.