തൃശൂര്‍: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഒല്ലൂര്‍ കമ്പനിപ്പടി പെരുവങ്കുളങ്ങര കല്ലൂക്കാരന് വീട്ടില്‍ ജിമ്മി ജോര്‍ജി (32) ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രണയ വിവാഹത്തിന് ശേഷം മദ്യപാനിയായിരുന്ന ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ പരാതി. സെഷന്‍സ് കോടതി ജഡ്ജി പി പി സെയ്തലവിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഭര്‍ത്താവിന്റെ മദ്യപാനവും പീഡനവും മൂലം ജീവിതത്തില്‍ ഒറ്റപ്പെട്ടുവെന്ന തോന്നലില്‍ മാനസികസമ്മര്‍ദവും വിഷമങ്ങളും മൂലം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. തുടക്കത്തില്‍ ആത്മഹത്യയ്ക്ക് കേസെടുത്ത ഒല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പങ്കാളിയുടെ ആത്മഹത്യയിലേക്കു നയിച്ച പ്രതിയുടെ പങ്ക് പുറത്തുകൊണ്ടുവന്നത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവോ ഭര്‍ത്തൃ കുടുംബാംഗങ്ങളോ ഭീഷണിപ്പെടുത്തുന്നതോ, ശാരീരിക പീഡനം നടത്തുന്നതോ മാത്രമല്ല ഗാര്‍ഹിക പീഡനമെന്നും പങ്കാളിയുടെ ആവശ്യങ്ങളും ആശങ്കകളും പരിഗണിക്കാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള പ്രവര്‍ത്തികള്‍ മൂലം ആത്മഹത്യയിലേക്ക് നയിക്കുന്നതും ക്രൂരതയാണെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ തുടര്‍ അന്വേഷണം ആവശ്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.