എറണാകുളം:ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സംഘടിപ്പിച്ച ജെൻഡർ ഓഡിറ്റ് സമാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ജനുവരി ഒൻപതിന് ആരംഭിച്ച നടപടിക്രമങ്ങൾ ഓഡിറ്റ് ടീം പൂർത്തിയാക്കി. നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് സർവ്വകലാശാലയിൽ ആദ്യമായാണ് ജെൻഡർ ഓഡിറ്റ് നടത്തുന്നത്. സർവ്വകലാശാലയുടെ വൈസ് ചാൻസലർ ഉൾപ്പെടെയുളള ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ, വിദ്യാർത്ഥികൾ, ഗവേഷകർ, അധ്യാപകർ, യൂണിയൻ ഭാരവാഹികൾ, ആരോഗ്യപ്രവർത്തകർ എന്നിവരുമായി നേരിട്ട് സംവദിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
കൂടാതെ സർവകലാശാല കാന്റീൻ, ലൈബ്രറി, ജിംനേഷ്യം, ഓഡിറ്റോറിയം, ക്ലാസ്മുറികൾ എന്നിവ ഓഡിറ്റ് ടീം സന്ദർശിച്ചു. ഡോ. ലയന എസ്. ആനന്ദ് (അസിസ്റ്റന്റ് പ്രൊഫസർ, സ്ത്രീ പഠന വിഭാഗം, കാലിക്കറ്റ് സർവ്വകലാശാല), ഡോ. ആശ ആച്ചി ജോസഫ് (ഡീൻ, എസ്. എച്ച്. സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ, എസ്. എച്ച്. കോളേജ്, തേവര), കെ. സി. സന്തോഷ് കുമാർ (ജെൻഡർ കൺസൾട്ടന്റ്) എന്നിവരടങ്ങിയ ടീമാണ് സർവ്വകലാശാലയിൽ ജൻഡർ ഓഡിറ്റ് നടത്തുന്നത്.
അന്തിമ റിപ്പോർട്ട് ഒരു മാസത്തിനകം ഓഡിറ്റ് ടീം സർവ്വകലാശാലയ്ക്ക് സമർപ്പിക്കും. പ്രാഥമിക റിപ്പോർട്ട് വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണന് ഓഡിറ്റ് ടീം അംഗങ്ങൾ കൈമാറി. രജിസ്ട്രാർ ഡോ. പി. ഉണ്ണിക്കൃഷ്ണൻ, ഫിനാൻസ് ഓഫീസർ എസ്. ശ്രീകാന്ത്, ദാക്ഷായണി വേലായുധൻ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് കോ-ഓഡിനേറ്റർ പ്രൊഫ. കെ.എം. ഷീബ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.