ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ആളുകൾ കൂടുതൽ അടുക്കുമ്പോൾ നിരവധി വൈവിധ്യമാർന്ന മോഡലുകളാൽ നിർമാതാക്കളും വിസ്‌മയിപ്പിക്കുകയാണ്. സ്‌കൂട്ടറുകൾ കൈയാളുന്ന ഇവി രംഗത്തേക്ക് മോട്ടോർസൈക്കിൾ മോഡലുകളും അരങ്ങ് തകർക്കാൻ തുടങ്ങിയിട്ടുണ്ടെന്നു വേണം പറയാൻ.
റിവോൾട്ട് RV400, ഓബെൻ റോർ, ടോർക്ക് ക്രാറ്റോസ്, മാറ്റർ ഏറ, അൾട്രാവയലറ്റ് F77 പോലുള്ള ഇ-ബൈക്കുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം.
ഇവരെല്ലാം വൈദ്യുത മോട്ടോർസൈക്കിൾ സെഗ്മെന്റിൽ മുന്നേറ്റം നടത്തുമ്പോൾ വെല്ലുവിളിയായി പുതിയൊരു പോരാളി കൂടി കടന്നുവരികയാണ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പ് കമ്പനിയായ സ്വിച്ച് മോട്ടോകോർപ്പിന്റെ പുതിയ CSR 762 മോഡലാണ് ഇന്ത്യൻ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയെ കൈയിലെടുക്കാൻ എത്തുന്നത്. ധാരാളം പുതുമകളുമായാണ് മോഡലിന്റെ വരവ് എന്നതാണ് ഹൈലൈറ്റ്.
ഇന്ത്യയിലെ അറിയപ്പെടുന്ന ഇലക്ട്രിക് സൈക്കിൾ നിർമാതാക്കളിൽ ഒരാളാണ് സ്വിച്ച് മോട്ടോകോർപ് പ്രൈവറ്റ് ലിമിറ്റഡ്. ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ ടൂവീലർ വിപണിയിലേക്കുള്ള വരവാണ് CSR 762 അടയാളപ്പെടുത്തുന്നത്.നേരത്തെ വിപണിയിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും വിലയോ ബൈക്കിന്റെ മറ്റ് വിശദാംശങ്ങളോ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. കാത്തിരുന്ന ഉപഭോക്താക്കൾക്ക് ഇതോടെ ഇക്കാര്യത്തിൽ ഒരു ധാരണയായിട്ടുണ്ട്.
CSR 762 ഇ-ബൈക്കിന് 1,89,999 രൂപയാണ് എക്സ്ഷോറൂം വിലയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. രൂപത്തിലെ വെറൈറ്റി ലുക്ക് തന്നെയാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതുവരെ നാം കണ്ട മോഡലുകളിൽ നിന്നും ശരിക്കും വ്യത്യസ്‌തമായ ഡിസൈനാണ് ഇവിയുടെ ശ്രദ്ധാകേന്ദ്രം.
ഒന്നിലധികം നൂതനാശയങ്ങളെ ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമായി സംയോജിപ്പിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നതു തന്നെ.
100 കോടി രൂപയിലധികം മുതൽ മുടക്കിലാണ് തങ്ങളുടെ പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിച്ചെടുത്തതെന്നും “ഗുണനിലവാരത്തിലും പെർഫോമൻസിലും ഉയർന്ന നിലവാരം പുലർത്തുന്ന തരത്തിൽ സൂക്ഷ്മമായി തന്നെയാണ് വാഹനം രൂപകല്പന ചെയ്തിരിക്കുന്നതെന്നും സ്വിച്ച് മോട്ടോകോർപ് പ്രൈവറ്റ് ലിമിറ്റഡ് പറയുന്നു. ഫ്രണ്ടിൽ നിന്നും നോക്കുമ്പോൾ ആകർഷണീയത കുറവാണെങ്കിലും വശത്തേക്ക് വന്നാൽ കാര്യങ്ങളാകെ മാറും.
ധാരാളം കട്ടുകളും ക്രീസുകളും ഉപയോഗിച്ച് സ്പോർട്ടിയറാക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. സ്വിച്ച് CSR 762 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള അപ്പീൽ തികച്ചും ബോക്‌സിയാണ്. ക്വാഡ്രിലാറ്ററൽ ഹെഡ്‌ലൈറ്റിന് ഇന്റഗ്രേറ്റഡ് എൽഇഡി ബൾബുകളും ഡിആർഎൽ ഘടകങ്ങളും ലഭിക്കുന്നുണ്ട്. അൾട്രാവയലറ്റ് ഉൽപന്നങ്ങൾ പോലെ ഒരു ഹൈബ്രിഡ് ഫെയറിംഗ് ഡിസൈനാണ് ഇതിലും മുന്നോട്ടുകൊണ്ടുപോവുന്നത്.
അപ്-റൈറ്റ് റൈഡിംഗ് പോസ്ച്ചർ ഒരുക്കിയിരിക്കുന്നതിനാൽ സുഖകരമായ യാത്ര പ്രതീക്ഷിക്കാം. ഒരു പരമ്പരാഗത ഫ്യുവൽ ടാങ്ക് കാണേണ്ടിയിടത്ത് വലിയ 40 ലിറ്റർ ലഗേജ് സ്റ്റോറേജാണ് ഇവിയിൽ കമ്പനി നൽകിയിരിക്കുന്നത്. ചെറിയ രണ്ട് റിമൂവബിൾ ബാറ്ററി പായ്ക്കുകളാണ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നതിനാലാണ് ഇത്രയും സ്റ്റോറേജ് സ്പേസ് നൽകാൻ കാരണമായിരിക്കുന്നത്. ടാങ്കിന് മുകളിലായി നാവിഗേഷനും മറ്റുമായി ഉപയോഗിക്കാൻ മൊബൈൽ ഹോൾഡറും ബ്രാൻഡ് നൽകിയിട്ടുണ്ട്.
രണ്ട് റിമൂവബിൾ ബാറ്ററി പായ്ക്കുകൾക്ക് പുറമെ, ക്ലെയിം ചെയ്യുന്ന റേഞ്ച് ഇരട്ടിയാക്കാൻ ഉപയോക്താക്കൾക്ക് രണ്ട് അധിക ബാറ്ററി പായ്ക്കുകളും ബൈക്കിൽ സൂക്ഷിക്കാനാവും. ലിക്വിഡ്-കൂളിംഗിന് പകരം സ്വിച്ച് CSR 762 ഇവിക്ക് ഒരു എയർ-കൂളിംഗ് സജ്ജീകരണമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സ്കാർലെറ്റ് റെഡ്, മോൾട്ടൻ മെർക്കുറി (സിൽവർ), ബ്ലാക്ക് ഡയമണ്ട് എന്നീ കളർ ഓപ്ഷനുകളിലാണ് ഇലക്ട്രിക് മോട്ടോർസൈക്കിൾ വാങ്ങാനാവുന്നത്.
ട്യൂബുലാർ സ്‌കെലിറ്റൺ ഫ്രെയിമിലാണ് വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുന്നിൽ RSU ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോ-ഷോക്ക് യൂണിറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. 11/80 ഫ്രണ്ട്, 140/70 റിയർ സെക്ഷൻ ടയറുകളിൽ പൊതിഞ്ഞ 17 ഇഞ്ച് അലോയ് വീലുകൾ, കോംബി ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണ് സ്വിച്ച് CSR 762 ഇലക്ട്രിക് ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നത്.
155 കിലോഗ്രാം മാത്രം ഭാരമുള്ള ഇലക്ട്രിക് ബൈക്കിന് പരമാവധി 10 kW (13.4 bhp) പവറിൽ 56 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ചെയിൻ ഡ്രൈവ് മോഡലായ വാഹനത്തിന് ഒറ്റ ചാർജിൽ 190 കിലോമീറ്റർ റേഞ്ച് വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം പരമാവധി വേഗം 120 കിലോമീറ്ററായാണ് നിശ്ചയിച്ചിരിക്കുന്നത്. മൊത്തത്തിൽ ഒരു 150 സിസി പെട്രോൾ ബൈക്കിനേക്കാൾ മികച്ച പെർഫോമൻസ് ഈ വൈദ്യുത മോഡൽ നൽകുമെന്ന് സാരം.
ഇന്ത്യൻ വിപണിയിലെ പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ഷോറൂമുകൾ വഴിയാണ് പുതിയ സ്വിച്ച് CSR 762 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വിൽപ്പന ആദ്യം നടക്കുക. പിന്നീട് ഇവികൾക്ക് ഏറെ സ്വീകാര്യത ലഭിക്കുന്ന കേരളം, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിലേക്കും ഈ പുത്തൻ ഇലക്ട്രിക് ബൈക്ക് കടന്നുവരും.