കംപ്യൂട്ടര്‍ കോഴ്‌സുകള്‍ എന്ത്‌ പഠിക്കണം, എവിടെ പഠിക്കണം?

എവിടെ പഠിക്കണം?കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക്‌ തയ്യാറെടുക്കുമ്പോള്‍ പഠിതാക്കെളെയെന്നപോലെ രക്ഷിതാക്കളെയും ഒരുപോലെ കുഴക്കുന്ന ചോദ്യമാണിത്‌. ഐ.ടി. മേഖല നല്‍കുന്ന മികച്ച ശമ്പളം മാത്രമാകരുത്‌ പ്രചോദനം. നമ്മുടെ കഴിവുകള്‍ മനസ്സിലാക്കി ഫീസ്‌, കോഴ്‌സിന്റെ അംഗീകാരം, പഠിച്ചിറങ്ങിയവരുടെ പ്ലേസ്‌മെന്റ്‌ റെക്കോര്‍ഡ്‌ എന്നിവ കൂടി പരിഗണിച്ചാല്‍ ഉചിതമായ തിരഞ്ഞെടുപ്പ്‌ നടത്താം.

പ്രധാനമായും രണ്ടുതരം കോഴ്‌സുകളാണ്‌ ലഭ്യമായിട്ടുള്ളത്‌. സര്‍വ്വകലാശാലകള്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്‌സുകള്‍. രണ്ടാമതായി സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകള്‍. സ്വകാര്യസ്ഥാപനങ്ങളുടെ കോഴ്‌സ്‌ കരുതലോടെ വേണം സമീപിക്കാന്‍. സ്വകാര്യ സ്ഥാപനങ്ങളില്‍ തന്നെ എന്‍.ഐ.ഐ.ടി/അപ്‌ടെക്‌/അരീന പോലെ തികച്ചും പ്രൊഫഷണലായി നടത്തുന്ന സ്ഥാപനങ്ങളും ഉണ്ട്‌.

 കോഴ്‌സിനെ പറ്റി അന്വേഷിക്കുന്ന വേളയില്‍ തന്നെ ഫീസ്‌, സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്ന എജന്‍സി, കോഴ്‌സ്‌ ദൈര്‍ഘ്യം, ഇപ്പോള്‍ പഠിക്കുന്നവരുടെ ജോലി ലഭ്യത, ഭാവിയില്‍ തൊഴില്‍ മാര്‍ക്കറ്റില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ എന്നിവ ശ്രദ്ധയോടെ ചോദിച്ച്‌ മനസ്സിലാക്കുക.അതിന്‌ ശേഷം വിവേകപൂര്‍ണമായ രീതിയില്‍ ചിന്തിച്ച്‌ പഠനപദ്ധതി തിരഞ്ഞെടുക്കാം.

എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രിത സര്‍വ്വകലാശാലകളും കോളേജുകളും തിരഞ്ഞെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പിന്‌ മറ്റൊരു മാനദണ്ഡം സ്വീകരിക്കുക.

കോളേജിന്റെ അടിസ്ഥാനസൗകര്യങ്ങള്‍, സ്വതന്ത്ര ഏജന്‍സികള്‍ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കാറുള്ള റേറ്റിംഗ്‌, അദ്ധ്യാപകരുടെ യോഗ്യത, കഴിഞ്ഞ വര്‍ഷം പ്രവേശനം ലഭിച്ച കുട്ടികളുടെ റാങ്ക്‌ (എന്‍ട്രന്‍സ്‌), പ്ലേസ്‌മെന്റ്‌ റെക്കോര്‍ഡ്‌, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുമായി സാങ്കേതിക സഹകരണം ഉണ്ടെങ്കില്‍ അത്‌, സ്ഥാപനം നല്‍കുന്ന  പരസ്യം മാത്രം ആശ്രയിക്കാതെ സ്വതന്ത്രമായ ഒരു അന്വേഷണം തന്നെ നടത്തുക. ഇതിലൊക്കെ ഉപരിയായി വിദ്യാഭ്യാസം എന്നതുകൊണ്ട്‌ കേവലം തൊഴില്‍ മാത്രമല്ല അര്‍ത്ഥമാക്കുന്നത്‌.

ഒരുകാലത്ത്‌ വിദ്യഭ്യാസം എന്നത്‌ അധ്വാനത്തില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ഉപാധിയായി കണക്കാക്കിയിരുന്നു. ഇന്ന്‌ കാര്യം നേരെ തിരിച്ചാണ്‌. അധ്വാനത്തെ കൂടുതല്‍ ഉത്‌പാദനപദവും കാര്യക്ഷമമാക്കാനും ഉതകുന്ന രീതിയില്‍ വിദ്യാഭ്യാസം ചിട്ടപ്പെടുത്തിയിരിക്കുന്നു. തൊഴില്‍ എന്നത്‌ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ അനിവാര്യമായ ഘടകമാണ്‌. ഒപ്പം സ്വയം തൊഴിലും ശ്രദ്ധപതിപ്പിക്കേണ്ട മേഖലയായി നമ്മള്‍ കണക്കാക്കി തുടങ്ങിയിട്ടുണ്ടോ എന്നത്‌ സംശയമാണ്‌.

കോഴ്‌സ്‌ ഏതുമാകട്ടെ സ്വയം തൊഴില്‍ സാധ്യമാണ്‌. ഐ.ഐ.ടി യില്‍ നിന്നും എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ നാരായണ മൂര്‍ത്തി ഇന്ന്‌ 60,000 ലേറെ പ്രൊഫഷണലുകള്‍ക്ക്‌ ജോലി കൊടുക്കുന്ന ഇന്‍ഫോസിസ്‌ എന്ന സ്ഥാപനത്തിന്‌ നേതൃത്വം നല്‍കുന്നു. ഇത്‌ മികച്ച സ്ഥാപനങ്ങളില്‍ നിന്നുമാത്രം സാധിക്കുന്ന കാര്യമാണെന്ന്‌ അബദ്ധ ധാരണ വേണ്ട.

കേവലം മൂന്നുമാസം മാത്രം നീളുന്ന ഡി. ടി. പി കോഴ്‌സ്‌ പഠിച്ച വനിതകള്‍ വരെ ചെറുകിട ഡി.ടി.പി സ്ഥാപനങ്ങള്‍ നടത്തി തൊഴില്‍ തേടിയവരെക്കാളും മാന്യമായ രീതിയില്‍ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്‌. തൊഴില്‍ ആയാലും സ്വയം തൊഴില്‍ ആയാലും കംപ്യൂട്ടറും വിവര സാങ്കേതിക വിദ്യയും അവസരങ്ങളുടെ അനന്തമായ പാതയാണ്‌ കാട്ടിത്തരുന്നത്‌.

ബിരുദതലപ്രോഗ്രാമുകള്‍

സര്‍വകലാശാലകള്‍,സര്‍വകലാശാലകളോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുളള കോളേജുകള്‍, കല്‍പ്പിത സര്‍വകലാശാല പദവി ലഭിച്ചിട്ടുളള സ്ഥാപനങ്ങള്‍ എന്നിവയാണ്‌ കംമ്പ്യൂട്ടര്‍,ഐ.ടി. ബിരുദം നല്‍കാനായി അധികാരപ്പെടുത്തിയിട്ടുളള സ്ഥാപനങ്ങള്‍, ഇതുകൂടാടെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എന്‍ജിനിയേഴ്‌സ്‌ (ഇന്ത്യ) പോലുളള സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന മെമ്പര്‍ഷിപ്പും (AMIE) ബിരുദത്തിന്‌ തുല്യയോഗ്യതയായി കണക്കാക്കുന്നു. ബി.ടെക്‌, ബി.ഇ, ബി.എസ്‌.സി (കമ്പ്യൂട്ടര്‍ സയന്‍സ്‌), ബി.എസ്‌.സി(ഐ.ടി), ബി.സി.എ. എന്നിവയാണ്‌ ബിരുദതലത്തില്‍ ലഭ്യമായ പ്രോഗ്രാമുകള്‍.

എല്ലാറ്റിന്റേയും പ്രവേശയോഗ്യത പ്ലസ്‌ടു/ എന്‍ജിനിയറിംഗ്‌ ഡിപ്ലോമ ആണ്‌. യോഗ്യതാ പരീക്ഷയിലെ മിനിമം മാര്‍ക്കും, പ്രവേശന പരീക്ഷയും ഒക്കെ വിവിധ സര്‍വകലാശാലകള്‍ക്കും വ്യത്യസ്‌ത മാനദണ്‌ഡമാണ്‌. നേരിട്ടു കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്ക്‌ ഇഗ്നോ പോലുളള ഓപ്പണ്‍ യൂണിവേഴിസിറ്റികള്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദധാരികള്‍ ആകാനുളള അവസരം നല്‍കുന്നുണ്ട്‌. ബി.എസ്‌.സി,ബി.സി.എ. പ്രോഗ്രാമുകളാണ്‌ വിരൂദവിദ്യാഭ്യാസം വഴി നേടിയെടുക്കാന്‍ സാധിക്കുന്നത്‌.

എന്‍ജിനിയറിംഗ്‌ ബിരുദം

നാലുവര്‍ഷം നീളുന്ന ബി.ടെക്‌/ബി.ഇ ആണ്‌ എന്‍ജിനിയറിംഗ്‌ ബിരുദം. പ്ലസ്‌ടു യോഗ്യതയ്‌ക്ക്‌ ഒപ്പം സര്‍ക്കാര്‍ ഏജന്‍സികളോ സര്‍വകലാശാലകളോ നടത്തുന്ന പൊതുപ്രവേശന പരീക്ഷയില്‍ മികച്ച റാങ്കും നേടേണ്ടതുണ്ട്‌.

മിക്ക സ്ഥാപനങ്ങളിലും അവസാനവര്‍ഷത്തെ പാഠ്യപദ്ധതി തുടങ്ങുന്നതിനു മുന്‍പു തന്നെ വിദ്യാര്‍ത്ഥികള്‍ മികച്ച കമ്പനികളില്‍ കാംപസ്‌ പ്ലേസ്‌മെന്റ്‌ ലഭിക്കുന്നതിന്‌ അവസരമുണ്ട്‌. സവിശേഷരീതിയില്‍ ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതിയും കാംപസ്‌ പ്ലേസ്‌മെന്റും തന്നെയാണ്‌ എന്‍ജിനിയറിംഗ്‌ ബിരുദത്തിന്റെ ആകര്‍ഷണീയത.

/ഐ.ടി. സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ എന്‍ജിനിയറിംഗ്‌ കോളേജില്‍ കമ്പ്യൂട്ടര്‍ ശാഖ തന്നെ പഠനത്തിനായി തന്നെ തെരഞ്ഞെടുക്കണമെന്നില്ല എന്നതാണ്‌ മറ്റെല്ലാ പ്രോഗ്രാമുകളില്‍ നിന്നും ബി.ടെക്‌/ബി.ഇ. യെ വ്യത്യസ്‌ത മാക്കുന്നത്‌.

സിവില്‍/മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്‌/കെമിക്കല്‍ തുടങ്ങിയ പഠനപദ്ധതികളില്‍ പഠിക്കുന്നവര്‍ക്കും അഭിരുചിയുളള പക്ഷം നിഷ്‌പ്രയാസം മികച്ച സ്ഥപനങ്ങളില്‍ സാമാന്യം ഉയര്‍ന്ന പ്രതിഫലത്തോടെ ജോലി നേടാവുന്നതെയുളളു. ഇതിനായി പുറത്തുളള സ്ഥാപനങ്ങളില്‍ ചേര്‍ന്ന്‌ കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ പഠിക്കണമെന്ന്‌ പോലുമില്ല.

റിക്രൂട്ട്‌ ചെയ്യുന്ന സ്ഥാപനങ്ങള്‍ യുക്തമായ പരീശീലനം നല്‍കി ജോലിയ്‌ക്ക്‌ പ്രാപ്‌തരാക്കും എന്നിരുന്നാലും എന്‍.ഐ.ഐ.ടി പോലുളള സ്വകാര്യസ്ഥാപനങ്ങള്‍ ബിരുദ ത്തിന്‌ ഒപ്പം പഠിക്കാവുന്ന രീതിയില്‍ കമ്പ്യൂര്‍ പഠനം ഒരുക്കിയ്‌ട്ടുണ്ട്‌. ഇത്‌ ജോലി ലഭിക്കാനും അഭിരുചി വര്‍ദ്ധിപ്പിക്കാനും ഉതകും.

മികച്ച ആശയവിനിമയ ശേഷി, ഇംഗ്ലീഷ്‌ ഭാഷ അനായാസമായി ഉപയോഗിക്കുന്നതിലെ പാടവം, യുക്തിപരമായ വിശകലനശേഷി അളക്കുന്ന ചോദ്യങ്ങള്‍ എന്നിവയാണ്‌ കാംപസ്‌ അഭിമുഖത്തിന്‌ പ്രതീക്ഷിക്കാവുന്നത്‌.

നാസ്‌കോം, പോലുളള വ്യവസായ സംഘടനകള്‍ ഐ.ടി, ഐ.ടി. അനുബന്ധമേഖലകളില്‍ തൊഴില്‍ അവസരത്തിന്‌ വന്‍സാധ്യാതകളാണനുളളതും അതിനുവേണ്ട അടിസ്ഥാന സൗകരങ്ങള്‍ ഒരുക്കാന്‍ കോളേജുകളോട്‌ അഭ്യാര്‍ത്ഥിക്കുകയും ചെയ്യുന്നു. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ 10 ലക്ഷം രൂപവരെ വാര്‍ഷിക ശമ്പള പാക്കേജുകള്‍ മികച്ച കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.

കമ്പൂട്ടര്‍, ഐ.ടി. എന്നീ പഠനപദ്ധതികളില്‍ ഘടനാരീതിയില്‍ തന്നെ മാറ്റമുണ്ട്‌ കമ്പ്യൂട്ടര്‍ സയന്‍സിനാണ്‌ നിലവില്‍ കൂടുതല്‍ ആവശ്യക്കാരുളളത്‌.

കമ്പ്യൂട്ടര്‍ സയന്‍സ്‌ പാഠ്യപദ്ധതി പ്രധാനമായും നിലവിലുളള ഹാര്‍ഡ്‌ വെയര്‍, സോഫ്‌ട്‌ വെയര്‍ എന്നിവയെ പരിഷ്‌ക്കരിക്കുക, പുതിയ ഹാര്‍ഡ്‌ വെയറും സോഫ്‌ട്‌ വെയറും രൂപകല്‌പനചെയ്യുക, ഇന്‍സ്‌റ്റാള്‍ ചെയ്‌ത കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌ പരിപാലിക്കുക, എന്നിവയിലാണ്‌ ഊന്നല്‍ നല്‍കുന്നത്‌. ഇവിടെ സോഫ്‌ട്‌ വെയര്‍ എന്നതുകൊണ്ട്‌ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഓപ്പറേറ്റിംഗ്‌ സിസ്റ്റം, ഒരു പ്രത്യേക ജോലിചെയ്യാന്‍ ആവശ്യമായ ആപ്ലിക്കേഷന്‍ സോഫ്‌ട്‌ വെയര്‍ എന്നിവ വികസിപ്പിക്കുക എന്നതാണ്‌ ഉദ്ദേശിക്കുന്നത്‌. 

ഐ.ടി. സിലബസ്‌ തയാറാക്കിരിക്കുന്നത്‌ സോഫ്‌ട്‌ വെയര്‍ ഭാഗത്തിനു തന്നെ സവിശേഷ ഊന്നല്‍ നല്‍കിയാണ്‌. അതിനാല്‍ ആപ്ലിക്കേഷന്‍ സോഫ്‌ട്‌ വെയറിലാണ്‌ കൂടുതല്‍ ശ്രദ്ധപതിച്ചിരിക്കുന്നത്‌. വിവരവിനിമയ വ്യവസായ ലോകത്തെ മനുഷ്യവിഭവശേഷിയുടെ ആവശ്യം പൂര്‍ത്തിക്കരിക്കത്ത രീതിയിലാണ്‌ പാഠ്യപദ്ധതി ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

എന്നാല്‍ ഓരോ 12 മാസത്തിനിടയ്‌ക്ക്‌ തന്നെ പുതിയ ആപ്ലിക്കേഷന്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സമകാലിക വ്യവസായിക ലോകത്തോട്‌ കിടപിടിക്കുന്ന രീതിയിലാണോ, 5 വര്‍ഷം കൂടുമ്പോള്‍ മാത്രം പുതുക്കുന്ന സിലബസുളള നമ്മുടെ സര്‍വകലാശാല സംവിധാനങ്ങള്‍ മത്സരിക്കുന്നത്‌ എന്ന സംശയം നിര്‍ണായകം. അതുകൊണ്ട്‌ തന്നെ ഐ.ടി ലോകത്ത്‌ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞുകൊണ്ടിരുക്കുകയും ചെയ്‌താല്‍ ജോലി അവസരങ്ങള്‍ അനവധിയാണ്‌.

എന്‍ജിനീയറിംഗ്‌ ബിരുദത്തിന്റെ ആദ്യവര്‍ഷത്തെ പാഠഭാഗങ്ങള്‍ എല്ലാ എന്‍ജിനീയറിംഗ്‌ ശാഖകളെക്കുറിച്ചും സ്‌പര്‍ശിച്ചാണ്‌ കടന്നു പോകുന്നത്‌. അതുകൊണ്ട്‌ ഇതര ശാഖകളുമായി ബന്ധപ്പെട്ട സോഫ്‌ട്‌ വെയര്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുവാന്‍ മറ്റ്‌ ബിരുദധാരികളെ അപേക്ഷിച്ച്‌ എന്‍ജിനീയറിംഗ്‌ ബിരുദധാരികള്‍ക്കു മിടുക്കുണ്ടാകും.

പ്രവേശനം എങ്ങനെ?

പ്ലസ്‌ടു അല്ലെങ്കില്‍ എന്‍ജിനീയറിംഗ്‌ ഡിപ്ലോമയാണ്‌ പ്രവേശനത്തിനുളള അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. ഇതിനോടൊപ്പം വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രവേശപരീക്ഷയിലും മികച്ച സ്ഥാനം കരസ്ഥാമാക്കേണ്ടതുണ്ട്‌. സംസ്ഥാനത്തെ മിക്ക എന്‍ജിനീയറിംഗ്‌ കോളേജിലേക്കും പ്രവേശനത്തിനുളള പരീക്ഷ നടത്തുന്നത്‌ കേരളാ എന്‍ട്രന്‍സ്‌ കമ്മീണറേറ്റ്‌ ആണ്‌.

ഏപ്രില്‍/മേയ്‌ മാസങ്ങളിലായാണ്‌ പരീക്ഷ നടത്തുന്നത്‌. (www.cee-kerala.org).റാങ്ക്‌പട്ടിക പ്രസിദ്ധീകരിച്ചശേഷം ഗവണ്‍മെന്റിന്റെ തീരുമാനമനുസരിച്ച്‌ പ്രവേശനസമയപ്പട്ടിക പ്രസിദ്ധീകരിക്കുകയും അതനുസരിച്ച്‌ ഓണ്‍ലൈനായി തന്നെ ഓപ്‌ഷനുകള്‍ നല്‍കി കോളേജും പഠനശാഖയും തിരഞ്ഞെടുക്കാം.

കോഴ്‌സിനേക്കാളും കോളേജിനാണ്‌ മുന്‍തൂക്കം എന്നോര്‍ക്കുക. മികവാര്‍ന്ന അടിസ്ഥാനസൗകര്യങ്ങളും, അധ്യാപകസമൂഹവും, പ്ലേസ്‌മെന്റ്‌ നിലവാരവും ഉളള കോളേജുകളാണ്‌ സാധാരണയായി കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുക. ഫീസ്‌ ഘടനയും കോളേജ്‌ തിരഞ്ഞെടുപ്പിനെ സ്വാധിനിക്കുന്നുണ്ട്‌.

കേരളാ സര്‍ക്കാറിന്റെ എന്‍ട്രന്‍സ്‌ പരീക്ഷ കൂടാതെ തന്നെ മറ്റ്‌ പ്രവേശന പരീക്ഷകളും കേരളത്തില്‍ തന്നെയുളള എന്‍ജിനീയറിംഗ്‌ പ്രവേശനത്തിന്‌ എഴുതാവുന്നതാണ്‌. രാജ്യത്തെ മികച്ച സാങ്കേതിക സര്‍വകലാശാലയായ കുസാറ്റ്‌ (www.cusat.ac.in) Common Administration Test എന്ന പരീക്ഷ അടിസ്ഥാനമാക്കിയാണ്‌ ബി.ടെക്‌ പ്രവേശനം നടത്തുന്നത്‌.

കോഴിക്കോടുളള പ്രശസ്‌ത എന്‍ജിനീയറിംഗ്‌ കോളേജായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ പ്രവേശനത്തിന്‌ സി.ബി.എസ്‌.ഇ. നടത്തുന്ന അഖിലേന്ത്യാ എന്‍ജിനീയറിംഗ്‌ പ്രവേശന പരീക്ഷയാണ്‌ എഴുതേണ്ടത്‌ (AIEEE). എന്‍.ഐ.ടി. കോഴിക്കോട്‌ ഉള്‍പ്പെടെ രാജ്യത്തെ പ്രശസ്‌തമായ 40 ഓളം എന്‍ജിനീയറിംഗ്‌ കോളേജിലെ പ്രവേശനത്തിന്‌ AIEEE എന്‍ട്രന്‍സ്‌ പരീക്ഷ ഉപകരിക്കും.

വിദ്യാപീഠത്തിന്റെ കീഴിലുളള 3 എന്‍ജിനീയറിംഗ്‌ കോളേജിലേക്കുളള പ്ലവേശനത്തിന്‌ അമൃത എന്‍ട്രന്‍സ്‌ എക്‌സാമിനേഷന്‍സ്‌ എന്‍ജിനീയറിംഗ്‌ (AEEE) ആണ്‌ എഴുതേണ്ടത്‌. ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ എന്‍ജിനീയറിംഗ്‌ സ്ഥാപനമായി പരിഗണിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ ബിരുദപഠത്തിനായി ജോയിന്റ്‌ എന്‍ട്രന്‍സ്‌ എക്‌സാമിനേഷന്‍സ്‌ ആണ്‌ (IIT- JEE) എഴുതേണ്ടത്‌.

എന്‍ജിനീയറിംഗ്‌ സിലബസ്‌ കൊണ്ടു മാത്രം വിദ്യാര്‍ത്ഥികള്‍ തൊഴില്‍സജ്ജരാകുന്നില്ല എന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും, ഉടനെ പാസായി ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുമായി ഫിനിഷിംഗ്‌ സ്‌കൂളുകളും മിക്ക സ്ഥ്‌പനങ്ങളും ഏര്‍പ്പെടുത്തിവരുന്നു.

ആശയവിനിമയശേഷി, മെന്റല്‍ – ലോജിക്കല്‍ എബിലിറ്റി, ഇന്‍ഡസ്‌ട്രി അപ്‌ഡേറ്റ്‌ എന്നിവയെല്ലാം കോര്‍ത്തിണക്കിയ ഫിനിഷിംഗ്‌ സ്‌കൂള്‍ ആശയം അതാത്‌ കോളേജുകള്‍ സ്വന്തം നിലയിലാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. സര്‍വകലാശാല പരീക്ഷ സംവിധാനവുമായി ഇതിന്‌ ബന്ധമൊന്നുമില്ലങ്കിലും കംമ്പ്യൂട്ടര്‍/ ഐ.ടി. തൊഴിലുമായി ഇതിന്‌ സവിശേഷ ബന്ധമുണ്ട്‌.

Latest News