ലണ്ടൻ: 21ാം നൂറ്റാണ്ടിലെ യുദ്ധങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര് ദിവസവും കൊല്ലപ്പെട്ടത് ഗസ്സയിലാണെന്ന് ബ്രിട്ടൻ ആസ്ഥാനമായുള്ള പ്രമുഖ സന്നദ്ധ സംഘടന ഓക്സ്ഫാം.സമീപകാല ചരിത്രത്തില്‍ അഭൂതപൂര്‍വമായ തോതിലാണ് ഗസ്സയില്‍ സിവിലിയൻമാരെ കൊലപ്പെടുത്തുന്നതെന്ന് മൂന്ന് മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിലെ കൂട്ടക്കൊലകള്‍ വിശകലനം ചെയ്ത് ഓക്സ്ഫാം നിരീക്ഷിച്ചു.
“ഇസ്രായേല്‍ സൈന്യം ഒരു ദിവസം ശരാശരി 250 പേര് എന്ന നിരക്കില്‍ ഫലസ്തീനികളെ കൊല്ലുന്നു. ഇത് 21ാം നൂറ്റാണ്ടിലെ മറ്റേതൊരു യുദ്ധത്തിലെയും ദൈനംദിന മരണസംഖ്യയെക്കാള്‍ കൂടുതലാണ്. അതിജീവിച്ചവരാകട്ടെ, തുടരുന്ന ഇസ്രായേല്‍ ബോംബാക്രമണത്തിന് പുറമേ വിശപ്പ്, രോഗം, തണുപ്പ് എന്നിവ മൂലവും കടുത്തയാതനയിലാണ്’ -ഓക്സ്ഫാം പ്രസ്താവനയില്‍ പറഞ്ഞു.
സിറിയ, സുഡാൻ, ഇറാഖ്, യുക്രെയ്ൻ, അഫ്ഗാനിസ്ഥാൻ, യെമൻ തുടങ്ങി ഈ നൂറ്റാണ്ടില്‍ നടന്ന യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണവുമായി താരതമ്യം ചെയ്താണ് ഓക്സ്ഫാമിന്റെ നിരീക്ഷണം. സിറിയയില്‍ 96.5 പേരും സുഡാനില്‍ 51.6 പേരും ഇറാഖില്‍ 50.8 പേരുമാണ് പ്രതിദിനം ശരാശരി കൊല്ലെപ്പട്ടത്. യുക്രെയ്നില്‍ 43.9, അഫ്ഗാനിസ്ഥാനില്‍ 23.8, യെമനില്‍ 15.8 എന്നിങ്ങനെയാണ് മരണക്കണക്ക്.
അതേസമയം, ഈ രാജ്യങ്ങള്‍ ഒന്നും അഭിമുഖീകരിക്കാത്ത ഉപരോധമെന്ന മറ്റൊരു പ്രതിസന്ധികൂടി ഗസ്സ നേരിടുന്നുണ്ടെന്നും ഓക്സ്ഫാം ചൂണ്ടിക്കാട്ടി. കുടിവെള്ളമടക്കമുള്ള മാനുഷിക സഹായം എത്തിക്കുന്നതിന് ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. ആവശ്യമായ ഭക്ഷണ സഹായത്തിന്റെ 10 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ഇത് നിരന്തര ബോംബാക്രമണത്തെ അതിജീവിച്ചവരെ പോലും പട്ടിണിയിലൂടെ ഗുരുതരമായ അപകടസാധ്യതയിലേക്ക് തള്ളിവിടുന്നു.
യുനൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്.ആര്.ഡബ്ല്യു) ഇന്നലെ പുറത്തിറക്കിയ ‘വേള്‍ഡ് റിപ്പോര്‍ട്ട് 2024’ലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ഗസ്സയിലെ സാധാരണക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി സമീപകാല ചരിത്രത്തില്‍ സാമ്യതയില്ലാത്ത വിധം കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നുവെന്ന് എച്ച്.ആര്.ഡബ്ല്യു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 23,469 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 59,604 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇസ്രായേല്‍ സൈന്യം 112പേരെ കൊലപ്പെടുത്തുകയും 194 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. 10 കൂട്ടക്കൊലകളാണ് ഈ സമയത്ത് നടത്തിയത്.
ഇസ്രായേല്‍ ഗസ്സയില്‍ ഫലസ്തീനികള്‍ക്ക് നേരെ വംശഹത്യ നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക നല്കിയ പരാതിയില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം കേള്‍ക്കല്‍ തുടങ്ങിയ വ്യാഴാഴ്ചയാണ് ഈ കൂട്ടക്കുരുതി. 7,000 ത്തോളം പേര് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായും ഇവര്‍ മരണപ്പെട്ടിരിക്കാമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.