35,000 കോടി മുടക്കും; ഗുജറാത്തില്‍ പുതിയ പ്ലാന്റുമായി മാരുതി, ലക്ഷ്യം വര്‍ഷം 20 ലക്ഷം കാറുകള്‍

ഗുജറാത്തില്‍ വമ്പന്‍ നിക്ഷേപം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. ഗുജറാത്തില്‍ കമ്പനിയുടെ രണ്ടാമത്തെ നിര്‍മാണശാല ഒരുക്കുന്നതിനായി 35,000 കോടി രൂപ നിക്ഷേപിക്കുമെന്ന്‌ മാരുതി സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ പ്രസിഡന്റ് അറിയിച്ചു.

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ കഴിഞ്ഞ ദിവസം സംസാരിക്കവെയാണ് സംസ്ഥാനത്ത് നടത്തുന്ന പുതിയ നിക്ഷേപത്തെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത് 

2030-31 വര്‍ഷത്തോടെ വാര്‍ഷിക ഉത്പാദനശേഷി 40 ലക്ഷമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് 35,000 കോടി രൂപ നിക്ഷേപത്തില്‍ പുതിയ പ്ലാന്റ് ഒരുക്കുന്നതെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. 2028-29 സാമ്പത്തിക വര്‍ഷം പുതിയ പ്ലാന്റില്‍ വാഹന നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഗുജറാത്തില്‍ എവിടെയാണ് പ്ലാന്റ് ആരംഭിക്കുന്നതെന്നും ഏതോക്കെ മോഡലുകളാണ് പുതിയ പ്ലാന്റില്‍ ഒരുങ്ങുകയെന്നതും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.

പുതിയ പ്ലാന്റ് ഒരുങ്ങുന്നതോടെ ഗുജറാത്തില്‍ നിന്നുള്ള മാരുതിയുടെ വാര്‍ഷിക ഉത്പാദനം 20 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 10 ലക്ഷം സുസുക്കി മോട്ടോര്‍ ഗുജറാത്തിന്റെ പ്ലാന്റിലും 10 ലക്ഷം പുതുതായി ഒരുങ്ങുന്ന രണ്ടാമത്തെ പ്ലാന്റില്‍ നിന്നുമായിരിക്കുമെന്നാണ് മാരുതി സുസുക്കിയുടെ വിശദീകരണം.

മാരുതി സുസുക്കി ഇന്ത്യയുടെ 58 ശതമാനം ഓഹരിയും കൈയാളുന്നത് ജാപ്പനീസ് കമ്പനിയായ സുസുക്കി മോട്ടോര്‍ കോര്‍പറേഷനാണ്

പുതിയ നിക്ഷേപത്തിന് പുറമെ, ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനത്തിനായി 3200 കോടി രൂപയുടെ നിക്ഷേപമാണ് സുസുക്കി മോട്ടോര്‍ ഗുജറാത്ത് പ്ലാന്റില്‍ നടത്തുന്നത്. പ്രതിവര്‍ഷം 2.5 ലക്ഷം ഇലക്ട്രിക്‌ വാഹനങ്ങള്‍ നിര്‍മിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.  read more ഒറ്റ ചാര്‍ജില്‍ 600 കി.മീ ഓടാം! സോണി-ഹോണ്ട കൂട്ടുകെട്ടില്‍ വരുന്ന ഇവി നിര്‍മാണത്തിന് റെഡി

നിലവില്‍ 7.5 ലക്ഷം യൂണിറ്റാണ് പ്രതിവര്‍ഷ ഉത്പാദനം. ഉത്പാദനം വര്‍ധിപ്പിക്കുന്നതോടെ ഇത് 10 ലക്ഷത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് മാരുതി സുസുക്കി പ്രതീക്ഷിക്കുന്നത്.

മാരുതി സുസുക്കിയുടെ ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനം ഈ വര്‍ഷം അവസാനത്തോടെ സുസുക്കി മോട്ടോര്‍ ഗുജറാത്ത് പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. ഈ വാഹനം ഇന്ത്യയില്‍ വിറ്റഴിക്കുന്നതിന് പുറമെ, വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനി ഉദേശിക്കുന്നുണ്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ കൂടാതെ സി.എന്‍.ജി, ബയോ എഥനോള്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയില്‍ ഓടുന്ന വാഹനങ്ങളും മാരുതി നിര്‍മിക്കും