അങ്ങാടിപ്പുറം : അഹമ്മദാബാദിൽ നടന്ന പതിനഞ്ചാമത് ദേശീയ ഫുട്സാൽ ചാമ്പ്യൻഷിപ്പിൽ കേരളടീം ചാമ്പ്യന്മാർ. ഫൈനൽ മത്സരത്തിൽ ശക്തരായ മഹാരാഷ്ട്രയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്. 15 വർഷത്തെ റെക്കോഡ് തിരുത്തിയെഴുതിയാണ് അഞ്ചംഗ കേരളടീം അഹമ്മദാബാദിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. അഞ്ച് കളികളിലായി 36 ഗോളുകളടിച്ചാണ് റെക്കോഡ് തിരുത്തിയത്.
ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് അർഷദിനെ തിരഞ്ഞെടുത്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അവസാന വർഷ ബി.എ. ഇക്കണോമിക്സ് വിദ്യാർഥിയാണ് അർഷദ്. കോളേജിലെ മറ്റ് കുട്ടികളടങ്ങിയ അഞ്ചംഗ ടീമാണ് കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞത്. കർണാടകയും പോണ്ടിച്ചേരിയുമൊഴികെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.