പനമരം : കല്പറ്റ-മാനന്തവാടി സംസ്ഥാനപാതയിലെ പച്ചിലക്കാട് ടൗണിന് സമീപത്തെ റോഡിലെ കുഴി അപകടക്കെണിയൊരുക്കുന്നു. അഞ്ചുമീറ്ററോളം ഭാഗത്തെ ടാറിങ് ഇളകിമാറി വലിയ കുഴി രൂപപ്പെട്ടതോടെ ഇവിടം വാഹനാപകടങ്ങളും പതിവാണ്.
പച്ചിലക്കാട് ജങ്ഷനിൽനിന്ന് 200 മീറ്ററോളം മാറി അപകടവളവിന് സമീപമാണ് കുഴി.മുമ്പ് ചെറിയരീതിൽ തകർന്നുതുടങ്ങിയ റോഡ് യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് പാടെ തകരാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.
ചെറിയ മഴയിൽപ്പോലും ഈ കുഴികളിൽ വെള്ളം പുഴപോലെ തളംകെട്ടും.വഴിപരിചയമില്ലാത്തവർ വാഹനവുമായെത്തി വലിയ കുഴിയിൽ ചാടി അപകടത്തിൽപ്പെടുകയാണ്.ഇരുചക്രവാഹനങ്ങളാണ് തെന്നിവീഴുന്നതിൽ അധികവും. തിരക്കേറിയ പാതയായതിനാൽ ഇവിടെ ഗതാഗതതടസ്സം രൂക്ഷമാണ്.കുഴി ഒഴിവാക്കാനായി മിക്ക വാഹനങ്ങളും ഇപ്പോൾ സമീപത്തെ പെട്രോൾപമ്പിനകത്തു കൂടിയാണ് കടന്നുപോവുന്നത്.
ഇത് പമ്പിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.ഒരുവർഷം മുമ്പാണ് ഇവിടെ തകരാൻ തുടങ്ങിയത്.അപകടങ്ങൾ പതിവായതോടെ നാട്ടുകാർ മണ്ണും മറ്റും ഉപയോഗിച്ച് കുഴികൾ പലതവണ അടച്ചെങ്കിലും വീണ്ടും പഴയപടിയായി. പൊതുമരാമത്ത് പാറപ്പൊടിയും മെറ്റലും ഇട്ട് താത്കാലമായി അടച്ചെങ്കിലും അടുത്ത മഴയിൽ ഇവ ഒലിച്ചുപോയി.
നവകേരളയാത്രയ്ക്കായാണ് അവസാനമായി ഇത്തരത്തിൽ കുഴികളടച്ചത്.എന്നാൽ, പിറ്റേന്ന് രാത്രിപെയ്ത പേമാരിയിൽ ഇതും ഒലിച്ചുപോയി.കഴിഞ്ഞ മൂന്നുദിവസമായി കനത്തമഴയാണിവിടെ. ഇപ്പോൾ വാഹനങ്ങളുടെ അടിയും തട്ടിത്തുടങ്ങി.
വടക്കേ വയനാടിനെയും തെക്കേ വയനാടിനെയും ബന്ധിപ്പിക്കുന്ന മലയോര ഹൈവേയിൽ ഉൾപ്പെടുന്നതാണ് പച്ചിലക്കാടും.ബോയ്‌സ് ടൗണിൽ നിന്നാരംഭിച്ച് തലപ്പുഴ-മാനന്തവാടി നഗരം വഴി കോഴിക്കോട് റോഡിലൂടെ നാലാംമൈൽ-പനമരം-പച്ചിലക്കാട് വരെയും വാളാട് മുതൽ കുങ്കിച്ചിറ വരെയും ഉള്ള റോഡുകളാണ് മലയോര ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബോയ്‌സ് ടൗൺമുതൽ മാനന്തവാടി ഗാന്ധിപാർക്ക് വരെ 13 കിലോമീറ്റർ ദൂരവും മാനന്തവാടിയിൽനിന്ന് പച്ചിലക്കാടുവരെ 19.5 കിലോമീറ്റർ ദൂരവുമാണുള്ളത്. വാളാട് മുതൽ കുങ്കിച്ചിറവരെയുള്ള 10 കിലോമീറ്റർ ദൂരവും മലയോര ഹൈവേ പദ്ധതിയിലുൾപ്പെടും.
അഞ്ചുകുന്ന് ഭാഗങ്ങളിൽ നിർമാണം പുരോഗമിക്കുന്ന മലയോരഹൈവേയുടെ കൈതക്കൽവരെയുള്ള പ്രവൃത്തികൾ ഏതാണ്ട് പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ, പച്ചിലക്കാട് വരെ ശേഷിക്കുന്ന എട്ടുകിലോമീറ്ററോളം ഭാഗത്തെ നിർമാണപ്രവൃത്തികൾ നീളുന്നത് യാത്രക്കാർക്ക് ദുരിതമായി മാറുകയാണ്.