മലയാള സിനിമയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങള്‍ സംഭാവന ചെയ്ത സംവിധായകനാണ് കമല്‍. പി.എന്‍. മേനോന്, കെ.എസ്. സേതുമാധവന്, ഭരതന് എന്നിവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച കമല്‍ 1986-ല്‍ പുറത്തിറങ്ങിയ ‘മിഴിനീര്‍പൂക്കള്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധാനം രംഗത്തേക്ക് എത്തിയത്.
കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുന്‍പെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മള്, പെരുമഴക്കാലം, കറുത്ത പക്ഷികള്‍, സെല്ലുലോയ്ഡ് തുടങ്ങി ഒരുപാട് മികച്ച സിനിമകള്‍ കമല്‍ അണിയിച്ചൊരുക്കി. മികച്ച സംവിധായകനും തിരക്കഥകൃത്തിനുമുള്ള സംസ്ഥാന പുരസ്കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ നേടിയ വ്യക്തിയാണ് കമല്‍.
2019-ല്‍ പുറത്തിറങ്ങിയ ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രമാണ് കമലിന്റെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമ. നീണ്ട ഇടവേളയ്ക്ക് ശേഷം ഷൈന്‍ ടോം ചാക്കോയെ നായകനാക്കി വിവേകാനന്ദന് വൈറലാണ് എന്ന ചിത്രവുമായി കമല്‍ വീണ്ടുമെത്തുകയാണ്.
‘വിവേകാനന്ദന് വൈറലാണ്’ എന്ന സിനിമയ്ക്കു മുമ്പ് മറ്റൊരു സിനിമ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ ഒരു പ്രമുഖ നടന്റെ ഡേറ്റിനു വേണ്ടി കാത്തിരുന്ന് അത് ചെയ്യാന്‍ സാധിക്കാതെ വന്നെന്നും കമല്‍ പറഞ്ഞു. സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഈ ദിവസത്തിന് എന്നെ സംബന്ധിച്ച് വളരെയധികം പ്രത്യേകത ഉണ്ട്. നാലര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാനൊരു സിനിമ ചെയ്യുന്നത്. കരിയറില്‍ ആദ്യമായാണ് ഇങ്ങനെയൊരു ഇടവേള വരുന്നത്. ഞാന്‍ സംവിധായകനായി 38 വര്‍ഷമായി.
എന്റെ കൂടെ സഹകരിച്ചിട്ടുള്ള ഒരുപാടുപേരുണ്ട്, സാങ്കേതിക പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, മലയാള സിനിമയിലെ കുലപതികള്‍ ആയിട്ടുള്ള എല്ലാവരെയും വച്ച് സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊക്കെ വലിയ ഭാഗ്യമായിട്ട് കണക്കാക്കുകയാണ്. കഴിഞ്ഞ 38 വര്‍ഷങ്ങള്‍ക്കിടയില്‍ 48 സിനിമകള്‍ ചെയ്തു.
“എന്നെക്കാളും മുതിര്‍ന്ന സംവിധായകരായ സിബിയെപ്പോലെയുള്ളവരൊക്കെ ഇവിടെ ഇരിക്കുന്നുണ്ട്. എന്നേക്കാള്‍ കൂടുതല്‍ സിനിമ ചെയ്തിട്ടുള്ള സംവിധായകര്‍ ഒരുപാടുണ്ട്. പുതിയ കാലത്ത് ഒരു സിനിമ ചെയ്യാന്‍ തന്നെ വലിയ ബുദ്ധിമുട്ടുണ്ട്.
പുതിയ കുട്ടികളൊക്കെ ഒരു സിനിമ ചെയ്തിട്ട് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാണ് അടുത്ത സിനിമ ചെയ്യുന്നത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഗ്യാപ് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. കോവിഡ് വന്നതോടെ സിനിമാ തിയേറ്ററുകള്‍ അടച്ചുപൂട്ടി.
പിന്നീട് ഒ.ടി.ടി പ്ലാറ്റ്ഫോമുകള് വന്നു. സിനിമയുടെ സാങ്കേതിക തലങ്ങള്‍ തന്നെ മാറി, സിനിമ പുതിയ ഒരു തലത്തിലെത്തി. 2021 ഡിസംബറിലാണ് ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് മാറുന്നത്. അതിന് ശേഷം എന്തുചെയ്യണമെന്നറിയാതെ ആകെ ബ്ലാങ്കായി പോയി.
“അതിനിടെ എല്ലാ ഭാഷകളിലെയും സിനിമകള്‍ കാണാറുണ്ടായിരുന്നു. മലയാളത്തില്‍ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളും കാണും. സിനിമ പുതിയ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതും സിനിമയുടെ സ്വഭാവം മാറുന്നതും അഭിനേതാക്കളും സാങ്കേതികവിദഗ്ധരും സിനിമയുടെ ഭാഷ തന്നെയും മാറിപ്പോകുന്നതും ശ്രദ്ധിച്ചു കൊണ്ടിരുന്നു.
നമ്മളെ അതിശയിപ്പിക്കുന്ന രീതിയിലാണ് മലയാള സിനിമ മാറുന്നത്, മനോഹരമായ സിനിമകള്‍ വരുന്നത്. ഇനിയെന്ത് എന്നൊരു ചോദ്യം കുറെക്കാലം എന്നെ അലട്ടിയിരുന്നു. പലതരം സിനിമകളെക്കുറിച്ച് ആലോചിച്ചു. ഒന്നും സാധിക്കുന്നില്ല. എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയില്ല.