സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വിമർശനങ്ങളും ദിയ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ വിമർശനങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവർ.
‘സ്വന്തമായൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രമുണ്ടാകുന്നത് നല്ലതാണ്. സ്വന്തം മതത്തെ ബഹുമാനിക്കുന്നതും നല്ലതാണ്. പക്ഷേ, നിങ്ങളുടെ രാഷ്ട്രീയ ചിന്താഗതിയും മതവിശ്വാസവും പിന്തുടരുന്നില്ലെന്ന് കരുതി മറ്റൊരാളെപ്പറ്റി എന്തും പറയാം എന്ന് കരുതരുത്.
മരണവുമായി ബന്ധപ്പെട്ട വാക്കുകള്‍ പോലും. അത് നിങ്ങളുടെ വ്യക്തിത്വത്തേയും പാര്‍ട്ടിയേയും മതത്തേയും ഉപയോഗിച്ച് നിങ്ങൾ എന്തിനെയാണോ പ്രതിനിധാനം ചെയ്യുന്നത് എന്നതുമാണ് കാണിച്ചു തരുന്നത്.
നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടമല്ലെന്നോ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇഷ്ടമല്ലെന്നോ കരുതി, ശ്വാസമെടുക്കുന്നതിന് പോലും അവരെ പഴിക്കാന്‍ പാടില്ല.
നിങ്ങള്‍ ഈ ലോകത്തിന് കാണിച്ചു കൊടുക്കുന്നത് എന്തെന്ന് ഒരു നിമിഷം ചിന്തിക്കുക. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക. ഇത്തരം ടോക്സിക് സ്വഭാവങ്ങളൊന്നുമില്ലാത്ത നല്ലൊരു ജീവിതം നിങ്ങള്‍ക്ക് ആശംസിക്കുന്നു’– ദിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ പറഞ്ഞു.
മണ്ണിൽ കുഴി കുത്തി അതിൽ ഭക്ഷണം കൊടുത്തിരുന്നത് നൊസ്റ്റാൾജിയയായി പങ്കുവച്ചത് മുതൽ കൃഷ്ണ കുമാറിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ലണ്ടൻ യാത്രയ്ക്കിടെ മകൾ ദിയ പറഞ്ഞ വാക്കുകളും വിമർശനങ്ങളേറ്റു വാങ്ങിയിരുന്നു.