ഒറ്റ ചാര്‍ജില്‍ 600 കി.മീ ഓടാം! സോണി-ഹോണ്ട കൂട്ടുകെട്ടില്‍ വരുന്ന ഇവി നിര്‍മാണത്തിന് റെഡി

ലോകം ഇപ്പോള്‍ ഇലക്ട്രിക് വിപ്ലവത്തിന് സാക്ഷ്യംവഹിച്ച് കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വാഹന നിര്‍മാതാക്കള്‍ക്കൊപ്പം ടെക്-ഇലക്ട്രോണിക് ഭീമന്‍മാരും ഇവി നിര്‍മാണത്തിലേക്ക് കടക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പണ് സ്മാര്‍ട്ഫോണ്‍ ഭീമന്‍മാരായ ഷവോമി തങ്ങളുടെ കന്നി ഇലക്ട്രിക് കാര്‍ മോഡല്‍ വെളിപ്പെടുത്തിയത്. ഇലക്ട്രേണിക്സ് രംഗത്തെ അതികായരായ സോണിയും ഓട്ടോമൊബൈല്‍ ഭീമന്‍മാരായ ഹോണ്ടയും സംയുക്തമായി ഒരു ഇലക്ട്രിക് വാഹനം നിര്‍മ്മിക്കുന്നതായി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒത്തിരി നാളായി.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് കമ്പനികള്‍ ഒരുമിക്കുമ്പോള്‍ ലഭിക്കുന്ന ഫലം എന്താകുമെന്ന കാര്യത്തില്‍ ആകാംക്ഷയിലാണ് വാഹന ലോകം. ഇരു കമ്പനികളും സംയുക്തമായി വികസിപ്പിക്കുന്ന ഇലക്ട്രിക് സെഡാന് അഫീല എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ അഫീല ഇലക്ട്രിക് സെഡാന്‍ നിര്‍മാണത്തിന് തയാറായതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിയുടെ പ്രാഡക്ഷന്‍-റെഡി പ്രോട്ടോടൈപ്പ് പതിപ്പ് CES2024-ല്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണിപ്പോള്‍.   

ഓള്‍ ഇലക്ട്രിക് കാര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ അതായത് 2026-ല്‍ പുറത്തിറക്കാനാണ് പദ്ധതി. ഈ വര്‍ഷം അവസാനമോ അല്ലെങ്കില്‍ 2025 തുടക്കത്തിലോ ഇവിയുടെ ബുക്കിംഗ് ജാലകം തുറക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇന്ത്യയില്‍ ഇവികള്‍ക്ക് പ്രചാരമേറി വരികയാണ്. ടെസ്ലയടക്കമുള്ള ആഗോള ഇവി ഭീമന്‍മാര്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കടന്ന് വരികയാണ്. ഈ ഒരു സാഹചര്യത്തില്‍ ഹോണ്ട-സോണി കൂട്ടുകെട്ടില്‍ പിറക്കുന്ന ഇവി ഇന്ത്യന്‍ വിപണിയിലുമെത്തിയേക്കാം.

എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ വന്നിട്ടില്ല. നിലവില്‍ മാര്‍ക്കറ്റിലുള്ള മറ്റൊരു ഇവിക്കും അവകാശപ്പെടാനില്ലാത്ത കിടിലന്‍ ഫീച്ചറുകള്‍ സജ്ജീകരിച്ചായിരിക്കും അഫീല ഇവിയെത്തുകയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സൗകര്യങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ആഡംബരത്തിന്റെ കാര്യത്തിലും ഒട്ടും വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് സോണിയും ഹോണ്ടയും പറയുന്നത്. മാത്രമല്ല വളരെ സുന്ദരമായ ഡിസൈനാണ് ഇതിന് ലഭിക്കുന്നത്.

ഹെഡ്‌ലൈറ്റ്, ബമ്പര്‍, വീലുകള്‍ എന്നിവ ഈ കാറിന് കൂടുതല്‍ ആകര്‍ഷകമായ രൂപം നല്‍കുന്നു. അപ്ഡേറ്റഡ് പ്രോട്ടോടൈപ്പില്‍ കട്ടിയുള്ള പില്ലറുകളും പരമ്പരാഗതമായ മിററുകളുമാണ് നല്‍കിയിരിക്കുന്നത്.ഡിസൈനില്‍ ചില്ലറ അപ്ഡേറ്റുകള്‍ ഉണ്ടെങ്കിലും പ്രൊഡക്ഷന്‍ റെഡി അഫീലയുടെ വലിപ്പത്തില്‍ മാറ്റമില്ല. 4,195 mm നീളവും 1,900 mm വീതിയും 1,460 mm ഉയരവുമുണ്ട്. 3000 mm ആണ് ഇവിയുടെ വീല്‍ബേസ് അളക്കുന്നത്.

അതായത് ഇവിയുടെ ഏറ്റവും പുതിയ പ്രേട്ടോടൈപ്പ് മുന്‍ പതിപ്പിനേക്കാള്‍ 20 mm നീളമേറിയതാണ്. അതേസമയം വീതി, ഉയരം, വീല്‍ബേസ് എന്നിവ മാറ്റമില്ലാതെ തുടരുന്നു. ക്യാബിനിനുള്ളില്‍ നീങ്ങിയാല്‍ കാര്‍ മുമ്പത്തെ പ്രോട്ടോടൈപ്പിന് സമാനമാണ്. എന്നിരുന്നാലും, ഡ്യുവല്‍ വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജറുള്ളഒരു പുതുക്കിയ സെന്റര്‍ കണ്‍സോള്‍ ഉണ്ട്. ചെറുതായി പരിഷ്‌കരിച്ച സ്റ്റിയറിംഗ് വീലും പുതിയ റിയര്‍വ്യൂ മിററും ക്യാബിനിലെ മറ്റ് ഘടകങ്ങളാണ്

ഈ കാര്‍ POS5 കണ്‍ട്രോളര്‍ വഴി നിയന്ത്രിക്കാം. CES 2024-ല്‍ സോണി ഹോണ്ട മൊബിലിറ്റി സിഐഒ യാസുഹിദെ മിസുനോ ഇന്‍-കാര്‍ സോഫ്‌റ്റ്വെയര്‍ എക്സ്പീരിയന്‍സിനെ കുറിച്ച് സംസാരിച്ചു. POS5 കണ്‍ട്രോളര്‍ ഉപയോഗിച്ച് ഇവി സ്റ്റേജിലേക്ക് ഓടിച്ചുകൊണ്ട് കാറിന്റെ സോഫ്റ്റ്‌വെയര്‍ നിര്‍വചിക്കുകയും ചെയ്തു. പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളാണ് ഇതിന് കരുത്ത് പകരുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമായി ഇത് ജോടിയാക്കുന്നു.

ഫ്രണ്ട്, റിയര്‍ ആക്സിലുകളില്‍ ഘടിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുകള്‍ നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നു. ഈ ഇലക്ട്രിക് മോട്ടോറുകള്‍ ഓരോന്നും 241 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ളതാണ്. ഇവ രണ്ടും ചേര്‍ന്ന് 482 bhp വരെ പവര്‍ പുറപ്പെടുവിക്കും. ഇതോടൊപ്പം, മികച്ച റേഞ്ച് ശേഷി നല്‍കുന്നതിനായി ഈ കാറില്‍ 91 kWh ബാറ്ററി പായ്ക്ക് സജ്ജീകരിക്കും.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 600 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ ഈ ബാറ്ററി പായ്ക്ക് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വണ്ടിയുടെ യഥാര്‍ത്ഥ റേഞ്ച് കണക്കുകളെ കുറിച്ചും പവര്‍ട്രെയിന്‍ വശങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം 150 kW DC ഫാസ്റ്റ് ചാര്‍ജിംഗ്, 11kW ലെവല്‍ 2 ചാര്‍ജിംഗ് ശേഷി ഇവിക്കുണ്ടാകുമെന്ന് സോണി-ഹോണ്ട കൂട്ടുകെട്ട് ഉറപ്പ് നല്‍കിയിരുന്നു.

അഫീല സെഡാന്‍ ഇലക്ട്രിക് വാഹന ലോകത്ത് ടെസ്ല, BYD എന്നീ കമ്പനികളുടെ ബെസ്റ്റ് സെല്ലര്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാകും. ഹോണ്ടയുടെ വാഹന നിര്‍മാണ പാരമ്പര്യവും സേണിയുടെ നൂതന ടെക്നോളജിയും ചേരുന്ന ഇവി സെഗ്മെന്റില്‍ വന്‍ വിപ്ലവങ്ങള്‍ തീര്‍ക്കും. സോണി-ഹോണ്ട കൂട്ടുകെട്ടിന് പിന്നാലെ മറ്റ് നിരവധി കമ്പനികളും ഇവിയുമായി രംഗപ്രവേശനം ചെയ്യാനിരിക്കുന്നുണ്ട്. അതുകൊണ്ട് മോഡലിന്റെ വരവ് വൈകിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയാറായേക്കില്ല.