തൃശ്ശൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സ്ത്രീകളോട് മാപ്പുപറയണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാർ അധികാരദുർവിനിയോഗം നടത്തിയെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ തൃശ്ശൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തൃശ്ശൂരിൽ വന്ന് സ്ത്രീകളെ സാക്ഷിയാക്കി നരേന്ദ്രമോദി പറഞ്ഞ ഗ്യാരന്റികളെല്ലാം നാടകമാണ്.എല്ലാ നാടകത്തിനുമുള്ള മറുപടിയാകും തൃശ്ശൂരിലെ തിരഞ്ഞെടുപ്പെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
തൃശ്ശൂരിൽ കോൺഗ്രസും ബി.ജെ.പി.യും തമ്മിലാണ് മത്സരമെന്ന ടി.എൻ. പ്രതാപന്റെ പ്രസ്താവനയെ പരാജയം ഉറപ്പാക്കിയയാളുടെ ജല്പനമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.തിരഞ്ഞെടുപ്പിൽ പ്രതാപൻ മൂന്നാംസ്ഥാനത്താകാതിരിക്കാൻ ശ്രമിക്കട്ടെയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.