ഇന്ത്യൻ വിപണിയിൽ എസ്‌യുവികളെ പോലെ തന്നെ എംപിവികൾക്കും ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. ഹൈക്രോസ്, ഇൻവിക്ടോ, എർട്ടിഗ, XL6, റൂമിയോൺ, ട്രൈബർ തുടങ്ങി ഒട്ടനവധി മോഡലുകളാണ് ഇന്ന് എംപിവി സെഗ്മെന്റ് കൈയ്യടക്കുന്നത്. എന്നിരുന്നാലും ഒരു ബജറ്റ് മോഡൽ എന്ന നിലയിൽ റെനോ ട്രൈബർ മാത്രമാണ് നിലവിൽ.
ഇൻറർനെറ്റിൽ ഉയർന്നുവന്ന സമീപകാല റിപ്പോർട്ടുകൾ അനുസരിച്ച്, മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ ഒരു പുതിയ കോംപാക്ട് എംപിവിയിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ തങ്ങളുടെ യൂട്ടിലിറ്റി വാഹന നിര വിപുലീകരിച്ചു, അതിന്റെ ഫലമായി ഈ സാമ്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി നിർമ്മാതാവായി ബ്രാൻഡ് മാറുകയും ചെയ്തു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ, ഇന്തോ ജാപ്പനീസ് ബ്രാൻഡ് തങ്ങളുടെ മോഡൽ നിരയിലേക്ക് കൂടുതൽ യുവികൾ കൂട്ടിച്ചേർക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയ തലമുറ സ്വിഫ്റ്റും ഡിസയറും ഈ കലണ്ടർ വർഷം കമ്പനി അവതരിപ്പിക്കും, അതോടൊപ്പം 2024 അവസാനത്തോടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ eVX ഉം പുറത്തിറങ്ങും.
ഏഴ് സീറ്റർ ഓപ്ഷനുമായി വരുന്ന മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര 2025 -ൽ Y17 എന്ന കോഡ് നെയിമിൽ എത്തും, കൂടാതെ ഒരു മൈക്രോ എസ്‌യുവിയും നിർമ്മാതാക്കളുടെ അണിയറയിൽ ഒരുക്കത്തിലാണ്. YDB എന്ന രഹസ്യനാമമുള്ള ഒരു കോംപാക്ട് എംപിവി ബ്രാൻഡ് വികസിപ്പിക്കുകയാണ് എന്ന് പറയപ്പെടുന്നു.
ഇത് ജപ്പാനിൽ വിൽക്കുന്ന സുസുക്കി സ്‌പാസിയയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, JDM-സ്പെക്ക് എംപിവിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് വ്യത്യസ്തമായ ഡിസൈനും സ്റ്റൈലിംഗും ഉണ്ടായിരിക്കും കൂടാതെ വലിയ അളവുകളും ലഭിച്ചേക്കാം. നിലവിലുള്ള സ്‌പേഷ്യയുടെ മൊത്തത്തിലുള്ള നീളം 3,395 mm ആണ്, അതിനാൽ വരാനിരിക്കുന്ന കോംപാക്ട് എംപിവി തീർച്ചയായും നീളമേറിയതായിരിക്കും.
എന്നിരുന്നാലും നികുതി ഇളവുകൾ ഉറപ്പാക്കാൻ ഇത് നാല് മീറ്ററിൽ താഴെയുള്ള വിഭാഗത്തിൽ തന്നെയാവും വരിക. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവിയായ എർട്ടിഗയ്ക്ക് താഴെയായിരിക്കും ഇത് സ്ഥാനം പിടിക്കുക. മാരുതി സുസുക്കി YDB സ്‌പേഷ്യ എന്ന നിലയിൽ അപ്പ്റൈറ്റ് ബോക്‌സി പ്രൊപ്പോർഷനുകൾ നിലനിർത്തും.
എന്നാൽ ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിന് പരമ്പരാഗത റിയർ ഡോറുകളുമായി സ്ലൈഡിംഗ് ഡോറുകൾ വാഹനത്തിൽ നിന്ന് ഒഴിവാക്കിയേക്കാം. സാധാരണ അരീന ഡീലർഷിപ്പുകൾ വഴി എർട്ടിഗ റീട്ടെയിൽ ചെയ്യപ്പെടുമ്പോൾ, XL6 വിൽക്കുന്ന നെക്‌സ പ്രീമിയം ഔട്ട്‌ലെറ്റുകൾ വഴി തന്നെ പുതിയ YDB എംപിവി ഓഫർ ചെയ്യാം.
ഏഴ് സീറ്റുകളുള്ള എംപിവിക്ക് കൂടുതൽ പ്രായോഗികതയ്ക്കായി സ്പേഷ്യയെ അപേക്ഷിച്ച് കൂടുതൽ വിശാലമായ ഇന്റീരിയർ റൂം ഉണ്ടായിരിക്കും, ഇത് റെനോ ട്രൈബറുമായി നേരിട്ട് മത്സരിക്കും. വാഹനത്തിന്റെ പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, വരാനിരിക്കുന്ന സ്വിഫ്റ്റിൽ അരങ്ങേറ്റം കുറിക്കുന്ന 1.2 ലിറ്റർ Z സീരീസ് ത്രീ സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ വാഹനത്തിൽ കമ്പനി ഉപയോഗപ്പെടുത്താം.
മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി ഇത് കണക്ട് ചെയ്യും. നാലാം തലമുറ സ്വിഫ്റ്റ്, വരാനിരിക്കുന്ന മൈക്രോ എസ്‌യുവി എന്നിവയുമായി ഫീച്ചറുകളുടെ പട്ടികയ്ക്ക് വളരെയധികം സാമ്യമുണ്ടാവും എന്നും നിസംശയം പറയാം. ഈ എംപിവിയുടെ വരവ് ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കിയുടെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താനും ദൃഢമായി ഉറപ്പിക്കാനും സഹായിക്കും.